27
May 2024
Sun
27 May 2024 Sun

തിരുവനന്തപുരം: കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുന്നു. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു പ്രവചനം. തീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഈ 2 ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പുറപ്പെടുവിച്ച ഓറഞ്ച് അലര്‍ട്ട് രാത്രി 8 മണിയോടെ റെഡ് അലര്‍ട്ട് ആയി പുതുക്കി. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടാണ്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിനു സമാനമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ സീസണിലെ ആദ്യ ന്യൂനമര്‍ദം 2 ദിവസത്തിനകം രൂപപ്പെടുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ മഴ.

അതിതീവ്ര മഴയില്‍ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങിലേക്കുള്ള വിനോദ യാത്രകള്‍ ഒഴിവാക്കണം. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കേരള തീരത്തുനിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കണ്‍ട്രോള്‍ റൂമുകള്‍
എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. 1077, 1070 എന്നീ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം