അഡ്വാനി അയോധ്യയിലേക്കില്ല; രജനീകാന്തും അമിതാഭ് ബച്ചനും വിരാട് കോലിയും എത്തി
|
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ മുന്‍ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അഡ്വാനി പങ്കെടുക്കില്ല. അയോധ്യയില്‍ കനത്ത ശൈത്യം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് അഡ്വാനി തീരുമാനിച്ചതായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. അയോധ്യയില്‍ ബാബരി പള്ളി തകര്‍ക്കാനും അവിടെ രാമ ക്ഷേത്രം നിര്‍മിക്കാനുമുള്ള നടപടികള്‍ക്ക് മുന്‍പന്തിയില്‍ നിന്ന നേതാവാണ് അഡ്വാനി.
96കാരനായ അഡ്വാനി പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് നേരത്തെ തന്നെ രാമ മന്ദിര്‍ ട്രസ്റ്റ് പറഞ്ഞിരുന്നു. അഡ്വാനിക്കൊപ്പം മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇരുവരുടേയും പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിന് എത്തേണ്ടെന്ന് അറിയിച്ചെന്നും ഇരുവരും അത് അംഗീകരിച്ചെന്നുമാണ് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കഴിഞ്ഞ മാസം പറഞ്ഞത്. എന്നാല്‍ പിന്നീട് ഈ മാസം എല്‍കെ അഡ്വാനി ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അറിയിക്കുകയായിരുന്നു.
അതേസമയം, രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും കൂടിയാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. സംഗീത സിനിമാ കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്‌കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പ്രമുഖര്‍ എത്തിക്കഴിഞ്ഞു.
ക്ഷണിക്കപ്പെട്ട പതിനായിരം പേരെന്നാല്‍ രാജ്യത്തെ മുന്‍നിര സെലബ്രിറ്റികളില്‍ തുടങ്ങും. അതില്‍ ബോളിവുഡില്‍ നിന്നുള്ള ചലച്ചിത്ര താരങ്ങളുടെ വലിയ നിരയാണുള്ളത്. പ്രമുഖ കായികതാരങ്ങളാണ് മറ്റൊന്ന്. രാഷ്ട്രീയ നേതാക്കളുടെയും നീണ്ട നിര തന്നെയുണ്ട് അയോധ്യ ക്ഷേത്ര പരിസരത്ത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്‌റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന സിനിമാ താരങ്ങള്‍. ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന്‍ ശങ്കര്‍ മാഹാദേവന്റെ പ്രതികരണം. അഭിനേതാവ് രണ്‍ദീപ് ഹൂഡ, ഭാര്യ ലിന്‍ ലൈഷ്‌റാം എന്നിവര്‍ അയോധ്യയിലേക്കുള്ള വരവ് ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.
രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20ന് ആയിരിക്കും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ. ചടങ്ങില്‍ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രാണപ്രതിഷ്ഠ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത്.





