27
Jul 2024
Thu
27 Jul 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍കോട്: ഭര്‍ത്താവിനെ സഹിക്കാനാകാതെ വിവാഹമോചനത്തിനായി സമീപിച്ച യുവതിയെ കാസര്‍ക്കോട്ടെ യുവ അഭിഭാഷകന്‍ പീഡിപ്പിച്ചു. പരാതിയില്‍ വനിതാ പൊലീസ് ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അഡ്വ. നിഖില്‍ നാരായണന്‍ മുങ്ങി. ഉളിയത്തടുക്കയില്‍ താമസിക്കുന്ന 32 കാരി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതി വനിതാ പൊലീസ് സ്റ്റേഷന് കൈമാറിയതിനെ തുടര്‍ന്നാണ് നിഖില്‍ നാരായണന്റെ പേരില്‍ ഭാരതീയ ന്യായ സംഹിത 376 ( 2)(എന്‍), 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

മര്‍ചന്റ് നേവി ഉദ്യോഗസ്ഥനായ യുവതിയുടെ ഭര്‍ത്താവ് വിവാഹശേഷം ജോലിക്കായി വിദേശത്തു പോവുന്നതിന് തൊട്ടുമുമ്പാണ് യുവതിക്ക് ഫ്‌ലാറ്റില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നതെന്നാണ് പറയുന്നത്. പിന്നീട് ഭര്‍ത്താവും യുവതിയുമായി ദാമ്പത്യപരമായ പ്രശ്‌നങ്ങളുണ്ടായി. ഇതേ തുടര്‍ന്നാണ് വിവാഹമോചനത്തിന് യുവതി അഭിഭാഷകനെ സമീപിച്ചത്. അതിന് ശേഷം കേസ് സംബന്ധമായ വിവരങ്ങള്‍ ആരായുന്നതിന് ഇവര്‍ പരസ്പരം സംസാരിച്ചിരുന്നുവെന്നും ഇതിനിടയില്‍ അഭിഭാഷകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നുമാണ് പരാതി.

2023 ജനുവരി ഒന്ന് മുതല്‍ 2024 ഏപ്രില്‍ മാസം വരെയുള്ള കാലത്ത് വിവാഹ വാഗ്ദാനം നല്‍കി തായലങ്ങാടിയിലെ ഫ്‌ലാറ്റില്‍ വച്ചും എസ്.പി നഗറിലെ അഭിഭാഷകന്റെ വീട്ടില്‍ വച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കാസര്‍കോട് വനിതാ എസ്.ഐ കെ.അജിതയാണ് കേസ് അന്വേഷിക്കുന്നത്. ഭര്‍ത്താവിന്റെ ശല്യം സഹിക്കാതെ ഗാര്‍ഹിക പീഡന പരാതിയില്‍ നിയമസഹായം തേടിയാണ് യുവതി അഭിഭാഷകന്റെ അടുത്ത് എത്തിയത്.

പിന്നീട് യുവതിയുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നടത്തുകയുമായിരുന്നു. യുവതി നേരത്തെ കാസര്‍കോട് ബാര്‍ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അഭിഭാഷകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.