ബലാല്‍സംഗക്കേസില്‍ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട് ഒളിവില്‍ പോയ റാപ്പര്‍ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റിയത്.
|
ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യുവ ഡോക്ടറുടെ പരാതിയിലാണ് വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. വേടന്‍ പരിപാടിക്കെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന്റെ തീരുമാനം.
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വിധിവന്നിട്ടില്ല.
തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടന്‍ അന്ന് പ്രതികരിച്ചിരുന്നു.
കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വേടന്‍ പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
എന്നാല്‍, 2023 ജൂലൈക്ക് ശേഷം വേടന്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇത് തന്നെ മാനസികമായി തകര്‍ത്തെന്നും പലപ്പോഴായി വേടന് പണം കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.


