27
Jul 2024
Thu
27 Jul 2024 Thu
Dr. MS Valyathan

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്‍(90) അന്തരിച്ചു. (Renowned heart surgeon Dr. M.S. Valyathan passed away) ഇന്നലെ രാത്രി മണിപ്പാലിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്‌സിയുടെ ആദ്യ വി.സിയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രീചിത്രയിലെ ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാല്‍വുകളുടെ നിര്‍മാണ പ്രക്രിയയില്‍ ഡോ. വല്യത്താന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. വിദേശത്തുനിന്ന് വലിയ പണംമുടക്കി വാങ്ങിയിരുന്ന വാല്‍വുകള്‍ ശ്രീചിത്രയില്‍ തന്നെ കുറഞ്ഞവിലയില്‍ നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിജയംകണ്ടു. ഡോ. വലിയത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്രയില്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികളില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇരുപതുവര്‍ഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയതിനുശേഷമാണ് ഡോ. എം.എസ്. വല്യത്താന്‍ ആതുരസേവനരംഗത്തേക്ക് കടന്നത്. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദം നേടി. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടിയ ശേഷം 1972-ല്‍ ഇന്ത്യയിലേക്ക് തിരികെയെത്തി.
President Pratiba Patil, presenting the Pazhassi Raja Rajakeeya Award to Dr. M.S.Valiathan

1972-ല്‍ അമേരിക്കയില്‍നിന്ന് എത്തിയ ഡോ. വലിയത്താന്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്. രണ്ടു ദശകംകൊണ്ട് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചികിത്സാ ഗവേഷണ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിലൊന്നായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനായി.

ആയുര്‍വേദവും മോഡേണ്‍ മെഡിസിനും സമന്വയിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് 2005-ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി ഓണററി ബിരുദങ്ങളും ഫെലോഷിപ്പുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഹോമി ഭാഭ കൗണ്‍സിലിന്റെ സീനിയര്‍ ഫെലോഷിപ്പോടെ ആയുര്‍വേദ പൈതൃകത്തെക്കുറിച്ച് ഡോ. വലിയത്താന്‍ നടത്തിയ പഠനങ്ങള്‍ ഈ രംഗത്തുണ്ടായിട്ടുള്ള ഏറ്റവും മികച്ച ഗവേഷണ പരിശ്രമങ്ങളാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകളുടെ പിന്‍ബലത്തില്‍ ആയുര്‍വേദ ചിന്തകളെ സമീപിക്കുന്ന ഈ പഠനത്തില്‍ മൂന്ന് ബൃഹദ് ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചത്. മാര്‍ത്താണ്ഡവര്‍മയുടേയും ജാനകിയമ്മയുടേയും മകനായി 1934-ലാണ് ജനനം.