18
Jul 2024
Thu
18 Jul 2024 Thu
Prime Minister Benjamin Netanyahu, right, and the head of the IDF’s Northern Command Maj. Gen. Ori Gordin

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈനിക മേധാവികളും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുന്നതായി റിപോര്‍ട്ട്. (Report says IDF brass backing truce even if it leaves Hamas in power; PM: Won’t happen ) ഹമാസ് അധികാരത്തില്‍ തുടര്‍ന്നാലും ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് സൈന്യത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ അഭിപ്രായപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സേവനത്തിലിരിക്കുന്നവരും വിരമിച്ചവരുമായ ആറ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിന് ശാശ്വത വെടിനിര്‍ത്തലാണ് ഏറ്റവും നല്ല വഴിയെന്ന് ജനറല്‍മാര്‍ കരുതുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുല്ലയുമായി വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങും മുമ്പ് ഇസ്രായേലിന്റെ കൈയിലുള്ള ആയുധ ശേഖരം ഉറപ്പ് വരുത്തണമെന്നും സൈനിക മേധാവികള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കാതെ ഗസാ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നെത്യനാഹു. തങ്ങളുടെ കൈയിലുള്ള ആയുധശേഖരം തീര്‍ന്നുകൊണ്ടിരിക്കുന്നതായും രാജ്യത്തിന് വേണ്ടുന്ന ആയുധങ്ങള്‍ അമേരിക്ക തടഞ്ഞുവച്ചിരിക്കുകയാണെന്നും നെതന്യാഹു കുറ്റപ്പെടുത്തുന്നു.

ഹമാസിനെതിരേയുള്ള യുദ്ധത്തില്‍ നെത്യാഹുവും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള ഭിന്നത വെളിപ്പെടുത്തുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട്.

അതേസമയം, റിപോര്‍ട്ട് നെതന്യാഹു തള്ളിക്കളഞ്ഞു. ”പേര് വെളിപ്പെടുത്താത്ത ആ കമാന്‍ഡര്‍മാര്‍ ആരാണെന്ന് എനിക്കറിയില്ല. എന്നാല്‍, അത് ഒരിക്കലും നടക്കില്ലെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക ഉള്‍പ്പെടെയുള്ള മുഴുവന്‍ ലക്ഷ്യങ്ങളും നേടാതെ ഞങ്ങള്‍ യുദ്ധം അവസാനിപ്പിക്കില്ല”- നെതന്യാഹു ആവര്‍ത്തിച്ചു.