തെല്‍ അവീവ്: ഇസ്രായേലിലെ പ്രധാന നഗരമായ തെല്‍ അവീവില്‍ ജിപിഎസ് തടസ്സം.(rocket fire into northern Israel; GPS outage in Tel Aviv) ലൊക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഹിസ്ബുല്ല, ഇറാന്‍ ആക്രമണം നേരിടുന്നതിന്റെ മുന്നൊരുക്കമായാണ് ഈ നീക്കമെന്നാണ് സൂചന.
|
അതിനിടെ വടക്കന്‍ ഇസ്രായേലിലേക്ക് ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ബെയ്ത്ത് ഹിലല്‍ ഗ്രാമത്തിലേക്ക് ഡസന്‍ കണക്കിന് റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുല്ല അറിയിച്ചു. പലതും ഇസ്രായേലിന്റെ അയേണ്‍ ഡോം സിസ്റ്റം നിര്‍വീര്യമാക്കി. ചില മിസൈലുകള്‍ തുറസ്സായ സ്ഥലത്താണ് പതിച്ചതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗ്രാമത്തില്‍ ഒരു മിസൈല്‍ പതിച്ചെങ്കിലും ആളപായമില്ലെന്നും സൈന്യം അവകാശപ്പെട്ടു.
ALSO READ:അമേരിക്കന്‍ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും വരുന്നു; യുദ്ധഭീതിയില്‍ പശ്ചിമേഷ്യ
നേരത്തേ തെക്കന്‍ ലബ്‌നാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് വര്‍ഷം. ബെയ്‌റൂത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആഅദ് ഷുക്ര്‍, തെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ എന്നിവരുടെ കൊലപാതകത്തിന് ശേഷം മേഖലയില്‍ സംഘര്‍ഷം കനത്തിട്ടുണ്ട്.
ലബ്‌നാനില്‍ നിന്ന് വിദേശ പൗരന്മാര്‍ ഒഴിഞ്ഞു പോകുന്നു
സംഘര്‍ഷ പശ്ചാത്തലത്തില്‍ വിവിധ വിദേശ രാജ്യങ്ങള്‍ ലബ്‌നാനിലേക്കുള്ള യാത്ര വിലക്കി. നിലവില്‍ അവിടെയുള്ള പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി. ഇറ്റലി, സൗദി അറേബ്യ, ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ
ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപത്തേക്ക് മാറണം. ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എംബസി അറിയിച്ചു.


