31
Apr 2025
Tue
31 Apr 2025 Tue
Rooh Afza manufacturer Hamdard approaches court over Ram dev's sherbet jihad statement

ഒരു കമ്പനി സര്‍ബത്ത് വിറ്റുകിട്ടുന്ന പണം കൊണ്ട് മസ്ജിദുകളും മദ്‌റസകളും പണിയുകയാണെന്നും നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മസ്ജിദുകളും മദ്‌റസകളുമാണ് പണിയുക. പക്ഷേ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും പതഞ്ജലി യൂനിവേഴ്‌സിറ്റിയുമാണ് പണിയുക.ലൗ ജിഹാദും വോട്ട് ജിഹാദും പോലെ ഇപ്പോള്‍ സര്‍ബത്ത് ജിഹാദുമുണ്ടെന്നുമായിരുന്നു രാംദേവിന്റെ പരാമര്‍ശം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രമോഷണല്‍ വീഡിയോയിലായിരുന്നു രാംദേവിന്റെ വിദ്വേഷവാക്കുകള്‍. ഒരു ബ്രാന്‍ഡിന്റെയും പേരെടുത്തു പറയാതെയായിരുന്നു രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയതെങ്കിലും റൂഹ് അഫ്‌സയുടെ നിര്‍മാതാക്കളായ ഹംദാര്‍ദ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രാംദേവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്നും ഹംദാര്‍ദ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാംദേവിന്റെ സര്‍ബത്ത് ജിഹാദ് പരാമര്‍ശം നീതീകരിക്കാനാവാത്തതും കോടതിയുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയതുമാണെന്ന് ഹൈക്കോടതി ജഡ്ജി അമിത് ബന്‍സാല്‍ പറഞ്ഞു. റുഹ് അഫ്‌സ ഉല്‍പ്പന്നത്തെ അപമാനിക്കുന്നതിലുപരി വര്‍ഗീയ വിഭജനത്തിന്റെ കേസാണിതെന്ന് ഹംദാര്‍ദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുല്‍ റോഹത്ജി പറഞ്ഞു. മറ്റേതൊരു ഉല്‍പ്പന്നത്തെയും അപമാനിക്കാതെ പതഞ്ജലിക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാവും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരേ രാംദേവിനും സഹായി ബാലകൃഷ്ണയ്ക്കുമെതിരേ സുപ്രിംകോടതിയുടെ നടപടികളും അദ്ദേഹം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

ഇതോടെ കോടതി രാംദേവിന്റെ വിദ്വേഷ പരാമര്‍ശം അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. രാംദേവിന്റെ അഭിഭാഷകന്‍ രാജീവ് നയാര്‍ വീഡിയോ നീക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിനു പിന്നാലെ ഇനിയും ഇത്തരം ഹംദാര്‍ദിനെതിരേ പ്രസ്താവനകളോ പരസ്യങ്ങളോ സാമുഹികമാധ്യമ പോസ്റ്റുകളോ പുറത്തിറക്കില്ലെന്ന് ഉറപ്പുനല്‍കണമെന്നു രാംദേവിന് കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച സത്യവാങ് മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. മെയ് 1ന്് കേസ് വീണ്ടും പരിഗണിക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക