കൊച്ചി: തിരുവനന്തപുരംഡല്ഹിയില് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ സംഘപരിവാര്‍ സഹയാത്രികന് ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 11 മണിയോടെ മോഹന്‍ ദാസിനെ കോടതിയില്‍ ഹാജരാക്കിയേക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മോഹന്‍ദാസിനെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടില്‍നിന്നു പിടികൂടിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
|
മോഹന്‍ദാസിന്റെ വീട്ടില്‍നിന്നു ബന്ധപ്പെട്ട രേഖകളും കംപ്യൂട്ടറുകളും പരിശോധിച്ച സംഘം രണ്ടര മണിക്കൂറിനുശേഷമാണ് അദ്ദേഹവുമായി പുറത്തിറങ്ങിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞു ബിജെപി പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. പുലര്‍ച്ചെ 1:24 നാണ് മോഹന്‍ദാസിനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജില്‍ എത്തിച്ചത്. തുടര്‍ന്ന് ഇന്ന് പോലീസ് മോഹന്‍ദാസിനെ ചോദ്യം ചെയ്തു.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ടി ജി മോഹന്‍ദാസിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ എത്തിയത്. കേസ് എടുത്ത് പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അര്ജുന് ആയങ്കിക്കെതിരായ പൊലീസ് നടപടികള്‍ക്കിടെ എന്തുകൊണ്ട് ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മോഹന്‍ദാസിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.
ALSO READ: ഹോര്‍മുസ് തുറന്നു കിട്ടിയാല്‍ മതി; ആണവ കരാറൊന്നും പ്രശ്നമല്ല:കീഴടങ്ങലിന്റെ സ്വരവുമായി ട്രംപ്
യങ് ഡമോക്രാറ്റ്സ് പ്രവര്ത്തകന് അഡ്വ. അബ്ദുല്‍ ഹാഷിം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-ാം തീയതിയായിരുന്നു ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192, 353 (1)(ബി), ഐടി ആക്ടിലെ 66, കേരള പൊലീസ് ആക്ടിലെ 120 (ഒ) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. പൊതുസമൂഹത്തില്‍ ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടി ജി മോഹന്‍ദാസ് പരാമര്‍ശം നടത്തിയതെന്ന് എഫ്ഐആറില്‍ പറഞ്ഞിരുന്നു.
എന്നാല്‍, കേസെടുത്ത് 11 ദിവസം കഴിഞ്ഞിട്ടും ടിജി മോഹന്‍ ദാസിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞില്ല. അര്ജുന് ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കിയതോടെയാണ് പോലീസ് അനങ്ങിയത്.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നു എന്നുമായിരുന്നു ടി ജി മോഹന്‍ദാസ് പറഞ്ഞത്.
”ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൈക്കില്‍ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവെയ്ക്കും. ആളുകള്‍ ചിതറിയോടും. കുറേ പേര് മരിക്കും, കുറേ പേര് മരിക്കില്ല, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാക്കും. ശവങ്ങള് പെറുക്കി ആശുപത്രിയില്‍ എത്തിക്കും”- ഇതായിരുന്നു പരാമര്‍ശം. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിട്ടുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മോഹന്‍ദാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇയാള്‍ നടത്തിയിരുന്നു. സമരം ചെയ്യുന്ന പെണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു മോഹന്‍ ദാസ് പറഞ്ഞത്.
Tags: TG Mohandas arrest, TG Mohandas news Malayalam, Cyber Police arrest TG Mohandas, TG Mohandas controversial statement, Delhi protest student issue, Mattancherry RSS leader arrest, TG Mohandas Jantar Mantar statement, Kerala cyber crime police
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




