ശബരിമല: വ്രതനിഷ്ഠരായെത്തിയ ഭക്തരുടെ മനംനിറച്ച് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. (Sabarimala makara deepam 2025) വെകിട്ട് 6.43ഓടെയാണ് മകരജ്യോതി തെളിഞ്ഞത്. ഈ സമയം സന്നിധാനത്തും പരിസരത്തുമായുള്ള പതിനായിരക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ച് ശരണം വിളികശുയര്‍ന്നു.
|
ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും നേരത്തെ തന്നെതീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് ലക്ഷത്തോളം ഭക്തരാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിനായി എത്തിയത്.
സന്നിധാത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരിബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍, തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണമടങ്ങിയ പേടകം സന്ധ്യക്ക് 6.30ഓടെ ശ്രീകോവിലിലെത്തിച്ചു. തുടര്‍ന്ന് ദീപാരാധനയക്കായി നട അടച്ചു. സോപാനത്തില്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. നട തുറന്നതിന് പിന്നാലെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയുകയും ചെയ്തു.
പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ശരണവിളികളാല്‍ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചത്. പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാര്‍ ആണ് സുരക്ഷ ഒരുക്കുന്നത്.
15 മുതല്‍ 17 വരെ തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ കണ്ടുതൊഴാം. 18-ന് കളഭാഭിഷേകം ഉണ്ട്. 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കും. മകരസംക്രമ മുഹൂര്‍ത്തമായ ചൊവ്വാഴ്ച രാവിലെ 8.45-ന് മകരസംക്രമപൂജ നടന്നിരുന്നു. കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് എത്തിക്കുന്ന നെയ്യാണ് ആദ്യം അഭിഷേകംചെയ്തത്.


