27
May 2024
Thu
27 May 2024 Thu

പത്തനംതിട്ട: ശബരിമലയിൽ ഏറെക്കാലമായി കാത്തിരിക്കുന്ന റോപ് വേയുടെ നിർമാണത്തിനായി ഇന്ന് വീണ്ടും സർവേ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഡ്വക്കേറ്റ് കമ്മിഷന്‍റെ സാന്നിധ്യത്തിലുള്ള സർവേ നടത്തുക. 2011ൽ ആരംഭിച്ച റോപ് വേ നിർമാണ പദ്ധതിയിലാണ് ഇപ്പോൾ വീണ്ടും സർവേ. പദ്ധതിക്കായി 2019ൽ ആരംഭിച്ച ആദ്യസർവേ 2023 മേയിൽ പൂർത്തിയായെങ്കിലും വനംവകുപ്പ് തടസവാദമുന്നയിച്ചു. തുടർന്ന് അലൈമെന്‍റിൽ മാറ്റംവരുത്തി ഒക്ടോബറിൽ റിപ്പോർട്ട് നൽകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനെയാണ് വനംവകുപ്പ് എതിർത്തത്. പിന്നീട് എതിർപ്പില്ലെന്ന് കാട്ടി വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ എല്ലാ തടസങ്ങളും ഇല്ലാതായി. പമ്പയിലെ റോപ് വേ സ്റ്റേഷനും വെയർഹൗസും ഓഫീസും ഉൾപ്പടെ നിർമിക്കുന്നതിനായി ഒന്നേകാൽ ഏക്കർ സ്ഥലമാണ് വേണ്ടിവരിക.

ഓഫീസും വെയർഹൗസും നിർമിക്കുന്ന സ്ഥലം വനംവകുപ്പിന്‍റേതാണ്. ഇവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. വനഭൂമിക്കുപകരം 20 സെന്‍റ് സ്ഥലം ദേവസ്വം ബോർഡ് വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. ഇതേ തുടർന്നാണ് കേരള സർവേ ഡിപ്പാർട്ട്മെന്‍റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ സർവേ നടക്കുന്നത്.

സർവയുടെ റിപ്പോർട്ട് മെയ് 23ന് കോടതിയിൽ സമർപ്പിക്കണം എന്നും നിർദേശമുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേയ്ക്ക് പദ്ധതി.