കൊച്ചി: എല്ലാ മതങ്ങളിലെയും ദൈവങ്ങൾക്ക് വേണ്ടത് പണം ആയതിനാൽ ക്ഷേത്രങ്ങളിൽ പോകുന്നത് നിർത്തിയെന്ന് നടൻ സലിം കുമാർ. ദൈവങ്ങൾക്ക് പണമാണ് വേണ്ടത്. ദൈവത്തിന് ജീവിക്കാൻ മനുഷ്യന്റെ കാശ് വേണം. അതുകൊണ്ട് അമ്പലങ്ങളിൽ പോകാറില്ലെന്നും സലീം കുമാർ പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സലിം കുമാർ.
|
ഞാൻ അമ്പലങ്ങളിലൊക്കെ പോയിരുന്നു. ഇപ്പോൾ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യാനിയായാലും പൈസയാണ് വേണ്ടത്. പൈസയില്ലാതെ ഒരു കാര്യവും നടക്കില്ല. ദൈവത്തിന് ജീവിക്കണമെങ്കിൽ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാൻ പറ്റില്ല. പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ വേണം. നമ്മളോട് നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് ദൈവം. എന്റെ ദൈവത്തോട് ഞാൻ നേരിട്ട് സംസാരിച്ചോളാം- നടൻ പറഞ്ഞു.
ചെറുപ്പത്തിൽ അടിച്ചേൽപ്പിച്ച സംഭവമായതിനാൽ ഈശ്വരാ എന്ന് അറിയാതെ വിളിച്ചു പോകാറുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് അങ്ങനെ ഒരു സങ്കൽപ്പത്തോട് തന്നെ വിശ്വാസമില്ല. ഇതെല്ലാം വെറും അർത്ഥ ശൂന്യമാണെന്നും മനസിലായിട്ടുണ്ട്. ജീവിതാനുഭവങ്ങളിലൂടെയാണ് അത് മനസിലാക്കിയത്. ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആളുകളുണ്ട്. ദൈവത്തിനെ കാണാൻ തന്നെ രണ്ട് ക്യൂ ഉണ്ട്. പാവപ്പെട്ടവന് ഒരു ക്യൂവും വിഐപിക്ക് ഒരു ക്യൂവും. വഴിപാടുകൾക്കും വലിയ കാശാണ്. അതുകൊണ്ട് അതിലൊന്നും ഇപ്പോൾ വിശ്വാസമില്ല. 18 വർഷം ശബരിമലയിൽ പോയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലും പോകാറുണ്ടായിരുന്നു. എന്നാൽ അവിടെയെത്തുമ്പോഴാണ് ഇത് പണം എറിഞ്ഞുള്ള പരിപാടിയാണെന്ന് മനസ്സിലാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പിൽ സിനിമാക്കാർ മത്സരിക്കാത്തതാണ് നല്ലതെന്നും സലിംകുമാർ പറഞ്ഞു. ഞാൻ ഒരിക്കലും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാൻ അതിന് ചേർന്ന ആളല്ല. തെരഞ്ഞെടുപ്പിൽ സിനിമാക്കാർ നിൽക്കാതിരിക്കുന്നതാണ് നല്ലത്. അമിതാഭ് ബച്ചൻ പോലും പരാജയമായിരുന്നു. എംജിആർ ഒന്നും ഒരു സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ വന്നവരല്ല. അവരുടെ സിനിമയിൽ തന്നെ രാഷ്ട്രീയമുണ്ടായിരുന്നു. എല്ലാത്തവണയും താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വാർത്തകൾ വരും. പക്ഷേ എനിക്കത് പറ്റാത്ത കാര്യമാണ്. രാവന്തിയോളം ആ മണ്ഡലത്തിനുവേണ്ടി പ്രവർത്തിക്കണം. എന്താനാണ് വെറുതെ നാട്ടുകാരുടെ ശാപം വാങ്ങുന്നത്.
എന്റെ അച്ഛൻ കോൺഗ്രസ്സുകാരനായതുകൊണ്ടാണ് ഞാൻ കോൺഗ്രസ്സുകാരനായത്. അച്ഛനൊപ്പം പാർട്ടി സമ്മേളനത്തിനൊക്കെ പോകുമായിരുന്നു. എനിക്ക് കരുണാകരനോട് വലിയ ആരാധനയുണ്ട്. രാജൻ കേസിന്റെ വിസ്താരം നടക്കുന്ന സമയത്ത് എന്റെ നാട്ടിൽ കരുണാകരൻ എത്തി. കേസിന്റെ ഭാഗമായുള്ള ധനസമാഹരണത്തിന്റെ ഭാഗമായായിരുന്നു അത്. അന്ന് ഞാൻ അദ്ദേഹത്തിന് നോട്ടുമാല ഇട്ടു. അന്നെന്റെ കവിളിൽ അദ്ദേഹം പിടിച്ചു. അന്ന് മുതൽ ഞാൻ കരുണാകര ഭക്തനായി മാറി.
രമേശ് ചെന്നിത്തല ഇഷ്ട നേതാക്കളിൽ ഒരാളാണ്. കോൺഗ്രസുകാരനാണെന്നും ഐ ഗ്രൂപ്പുകാരനാണെന്നും എവിടെയും പറയുന്ന ആളാണ് ഞാൻ. അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. സിനിമയിലെ അവസരങ്ങളിൽ മാത്രമല്ല ഒരുപാട് കാര്യങ്ങളിൽ മാറ്റിനിർത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് വന്ന് ചേരാത്തതൊന്നും നഷ്ടമായി കണക്കാക്കിയിട്ടില്ലെന്നും താരം പറഞ്ഞു.
പിണറായി വിജയനോട് ആരാധന തോന്നിയിട്ടുണ്ടെന്നും സലിം കുമാർ പറഞ്ഞു. തനിക്ക് ഇല്ലാത്ത കഴിവുകൾ ഒരുപാടുള്ള വ്യക്തിയാണ് അദ്ദേഹം. ദൃഢനിശ്ചയവും നയിക്കാനുള്ള കഴിവും ആകർഷിച്ചിട്ടുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള പ്രാതിയുണ്ട്, അത് നടപ്പാക്കുകയും ചെയ്യും. തെറ്റുചൂണ്ടിക്കാട്ടാനാണെങ്കിൽ അതില്ലാത്തവർ ആരാണെന്നും സലിം കുമാർ ചോദിച്ചു.


