ലഖ്‌നോ: സംഭലില്‍ ഉച്ചത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്നാരോപിച്ച് മസ്ജിദ് ഇമാമിന് വന്‍ തുക പിഴ ചുമത്തി യുപി പോലീസ്. (Sambhal Masjid Imam fined Rs 2 lakh for allegedly using loud speaker) ശാഹി ജുമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സ്ഥലമാണ് സംഭല്‍.
ഉയര്‍ന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. കോട് ഗാര്‍വി മേഖലയിലെ അനാര്‍ വാലി മസ്ജിദിലെ ഇമാമിനെതിരേയാണ് നടപടി.
|
മസ്ജിദ് ഇമാം തഹ്സീബ്(22)ന് എതിരേയാണ് മുന്‍കരുതല്‍ നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതെന്ന് സംഭല്‍ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇമാമിന് മുന്നറിയിപ്പ് നല്‍കി.
മുഗള്‍ ഭരണകാലത്തെ ജുമാ മസ്ജിദില്‍ നവംബര്‍ 24ന് മുന്നറിയിപ്പ് ഇല്ലാതെ സര്‍വേ നടക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സര്‍വേയെ എതിര്‍ത്ത് തടിച്ചുകൂടിയവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം, സംഭല്‍ ശാഹി മസ്ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്‍വേ നടപടികള്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നാണ് കോടതി നിര്‍ദേശം.





