ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാട് തറവാട്ടിലെത്തി. (Sandeep Varier in Panakkad) സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദീപ് വാര്യരെ സ്വീകരിച്ചു.
|
പാണക്കാട് കുടുംബം സൗഹാര്‍ദ്ദത്തിന്റെ അംബാസഡറാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ”മലപ്പുറത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ചുക്കാന്‍ പിടിക്കുന്നത് പാണക്കാട് കുടുംബമാണ്. തന്റെ മുന്നോട്ടുള്ള യാത്രയില്‍ പാണക്കാട്ട് കുടുംബത്തിന്റെ അനുഗ്രഹം വേണം. ഇതു വഴി കടന്നു പോകുമ്പോള്‍ പാണക്കാട് തറവാടിനെ കൗതുകത്തോടെ വീക്ഷിക്കാറുണ്ട്. ഏത് സമയത്തും ആര്‍ക്കും കടന്നുവരാവുന്ന കുടുംബമാണത്. പഴയ പാര്‍ട്ടിയിലെ നേതാക്കള്‍ പാണക്കാട് തങ്ങളെ കണ്ടുപഠിക്കണം”- സന്ദീപ് വാര്യര്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ സന്ദീപിന് നല്ല സീറ്റ കിട്ടട്ടെ എന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരിഹാസത്തിന് സന്ദീപ് വാര്യര്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ വന്ന് പാണക്കാട് തങ്ങളുടെ കൂടെ ഇരിക്കാന്‍ സാധിച്ചത് ഏറ്റവും മികച്ച കസേരയായാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്ഷണം, വസ്ത്രം, ഭാഷ എന്നത് പോലെ തന്നെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ് ഏത് രാഷ്ട്രീയം സ്വീകരിക്കണം എന്നതും. അത് സ്വീകരിക്കുമ്പോള്‍ എന്തിനാണ് എം ബി രാജേഷിനെ പോലുള്ളവര്‍ ഇത്തരത്തില്‍ അസഹിഷ്ണുത കാണിക്കുന്നതെന്ന് സന്ദീപ് ചോദിച്ചു. കോണ്‍ഗ്രസ് കഴുത്തിലണിഞ്ഞ കാളിയനാണ് സന്ദീപ് വാര്യരെന്ന് കഴിഞ്ഞ ദിവസം എം ബി രാജേഷ് പറഞ്ഞിരുന്നു.
തന്നെ ഇല്ലാതാക്കാന്‍ ഒരു സിപിഎം-ബിജെപി സംയുക്ത ഇന്നോവ വരുമോ എന്ന് ഭയമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. . അത് ഡ്രൈവ് ചെയ്യുന്നത് എംബി രാജേഷും നയിക്കുന്നത് കെ സുരേന്ദ്രനും ആയിരിക്കും. എന്തെങ്കിലും ഓഫറിന്റെ ഭാഗമായാണ് പോകുന്നതെങ്കില്‍ താന്‍ ഭരിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മിനൊപ്പമല്ലേ പോകേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയെ ഇനിയും കൂടുതല്‍ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ സൂചിപ്പിച്ചു. ”ബിജെപിയെ നന്നാക്കാന്‍ ഒരു ചൂലുമെടുത്ത് പിന്നാലെ നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ നന്നാവാനും പോകുന്നില്ല. ഇന്ന് മുതല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്”- അദ്ദേഹം വ്യക്തമാക്കി.


