23
Aug 2025
Fri
23 Aug 2025 Fri
Sandeep Warrier

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ആരും കോണ്‍ഗ്രസിന്റെ നെഞ്ചത്ത് കേറാന്‍ വരേണ്ടെന്ന് സന്ദീപ് വാര്യര്‍. കിട്ടിയ അവസരം മുതലെടുത്ത് ഒരാളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ വരരുതെന്നും കൃത്യമായ നിലപാട് ആര്‍ജ്ജവത്തോടെ പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖമുള്ള ഒരു ആരോപണം ഉയര്‍ന്ന് 24 മണിക്കൂറിനകം പാര്‍ട്ടി നല്‍കിയ പദവി ആരോപണ വിധേയന്‍ രാജിവച്ചുവെന്ന് സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. ഇത് കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മാത്രം പുലര്‍ത്തുന്ന ധാര്‍മിക നിലവാരമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ.

കോണ്‍ഗ്രസ് പാര്‍ട്ടി ആരോപണ വിധേയന് നിയമസംരക്ഷണം നല്‍കുകയോ അതിനുവേണ്ടി പണപ്പിരിവ് നടത്തുകയോ ചെയ്യില്ല എന്നെനിക്കുറപ്പുണ്ട് .. ഇപ്പോള്‍ തെരുവില്‍ കോണ്‍ഗ്രസിനെ അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്ന ബി.ജെ.പി -സി.പി.എം നേതൃത്വം സമാനമോ ഇതിലും ഗുരുതരമോ ആയ വിഷയങ്ങളില്‍ സ്വന്തം ചരിത്രം കൂടി പരിശോധിക്കണം -സന്ദീപ് വാര്യര്‍ പറഞ്ഞു.

ALSO READ: ഗര്‍ഭഛിദ്രം നടന്നതിന് തെളിവില്ല; രാഹുലിനെതിരേ തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ പോലീസ്; അന്വേഷണത്തിന് സമിതി രൂപീകരിച്ച് കെപിസിസി

‘പോക്സോ കേസില്‍ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്. അദ്ദേഹം ഇപ്പോഴും ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. ആരോപണമല്ല കേസ് വന്നിട്ട് യെദിയൂരപ്പ പാര്‍ട്ടി പദവി രാജിവച്ചോ ? യെദിയൂരപ്പയ്‌ക്കെതിരെ നടപടി എന്ന് പോയിട്ട് എന്തു സംഭവിച്ചു എന്ന് ചോദിക്കാനുള്ള ആമ്പിയര്‍ പോലും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനില്ല എന്നതാണ് വസ്തുത.

ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത് ഇന്ത്യയുടെ അഭിമാനമായ കായികതാരങ്ങളാണ്. നീതിക്കുവേണ്ടി ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ഇന്ത്യയുടെ ഒളിമ്പ്യന്‍മാര്‍ക്ക് സമരം ചെയ്യേണ്ടിവന്നു, പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ബിജെപി ബ്രിജ് ഭൂഷന്റെ രോമത്തിലെങ്കിലും തൊട്ടോ? പാലക്കാട് എംഎല്‍എ ഓഫീസിലേക്ക് സമരവുമായി പോയ ബിജെപിയിലെ മാന്യന്മാരെ കണ്ടിട്ട് വാസവദത്ത പോലും ചമ്മിക്കാണും.

ഇനി സിപിഎമ്മിന്റെ കാര്യം ഞാന്‍ പറയണോ. ഇന്ന് മന്ത്രിസഭയുടെ ഭാഗമായിരിക്കുന്ന രണ്ടു മന്ത്രിമാര്‍, എംഎല്‍എമാര്‍ , സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെ .. എത്രപേരുടെ പേര് എടുത്തുപറയണം? എന്ത് നടപടിയാണ് സിപിഎം സ്വീകരിച്ചത്? ഓരോരുത്തരെയും സംരക്ഷിക്കുകയല്ലേ ചെയ്തത്.

എന്നാല്‍ ഇന്നലെ വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വേദനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അതുകൊണ്ടുതന്നെ കൃത്യമായ നിലപാട് സ്വീകരിക്കുകയും നിയമപരമായ ഒരു പരാതി പോലും വരുന്നതിനു മുന്‍പ് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ തന്നെ പാര്‍ട്ടി പദവിയില്‍ നിന്ന് ആരോപണ വിധേയന്‍ രാജി സമര്‍പ്പിക്കുകയുമാണ് ഉണ്ടായത്. നിയമസഭ അംഗത്വം സംബന്ധിച്ച് രാജ്യത്തും കേരളത്തിലും ഒരു കീഴ് വഴക്കം ഉണ്ട്. കോടതി കുറ്റവാളി എന്ന വിധിക്കുന്നത് വരെ ഇത്തരം വിഷയങ്ങളില്‍ പെടുന്ന ഒരാളും രാജിവച്ച ചരിത്രമില്ല.

അതുകൊണ്ട് കിട്ടിയ അവസരം മുതലെടുത്ത് ഒരാളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ വരരുത്. കൃത്യമായ നിലപാട് ആര്‍ജ്ജവത്തോടെ പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.’ -സന്ദീപ് വാര്യര്‍ പറഞ്ഞു.

English News Summary
Sandeep Warrier said that no one should come to the Congress to question the pride of the Congress party by taking advantage of the opportunity given to him and that the movement has taken the right stand with enthusiasm.