23
Feb 2025
Fri
23 Feb 2025 Fri
saudi visit visa

റിയാദ്: ഒരു വര്‍ഷത്തെ കാലാവധിയുള്ള വിസിറ്റിങ് വിസകള്‍ സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തലാക്കി. (Saudi Arabia abolishes one-year visit visas temporarly) വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹജ്ജിന് മുന്നോടിയായാണ് നടപടിയെന്നാണ് സൂചന. ഇതോടെ സന്ദര്‍ശക വിസയില്‍ വരാനിരുന്ന കുടുംബങ്ങള്‍ ഇനി മൂന്ന് മാസം വരെ മാത്രം നില്‍ക്കാവുന്ന സിംഗിള്‍ എന്‍ട്രി വിസകള്‍ എടുക്കേണ്ടി വരും.

സൗദി അറേബ്യയിലേക്ക് വരാന്‍ പ്രവാസി കുടുംബങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നത് ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസകളാണ്. ഈ വിസകളിലെത്തിയാല്‍ മൂന്ന് മാസം വരെ തുടര്‍ച്ചയായി നില്‍ക്കാം. പിന്നീട് ഓണ്‍ലൈന്‍ വഴിയോ സൗദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാം. ഇങ്ങിനെ ഒരു വര്‍ഷം വരെ നില്‍ക്കാമായിരുന്നു.

ALSO READ: ഫലസ്തീനികളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്രെയിന്‍ തകര്‍ന്നുവീണ് രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; 8 പേര്‍ക്ക് പരിക്ക്

നിലവില്‍ ഒരു വര്‍ഷത്തെ വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് സൗദിയിലേക്ക് വരാന്‍ തടസ്സമില്ല. സൗദിയില്‍ നിലവില്‍ ഈ വിസകളിലുള്ളവര്‍ക്ക് അവ പുതുക്കി കാലാവധി വരെ തങ്ങുകയും ചെയ്യാം.

പുതുതായി വിസകള്‍ എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് തടസ്സം നേരിടുന്നത്. നിലവില്‍ വിസ ലഭിച്ച് സ്റ്റാമ്പിങിന് കൊടുത്ത ചിലര്‍ക്ക് അത് ലഭ്യമായിട്ടില്ല.

ലഭ്യമായവരില്‍ ചിലര്‍ക്ക് ഒരു വര്‍ഷത്തെ വിസയില്‍ ഒരു മാസം വരെയാണ് കാലാവധി ലഭിച്ചത്. ഇതോടെ സൗദിയിലേക്ക് വരാനായി വിസയെടുത്തവര്‍ പ്രതിസന്ധിയിലായി.

റമദാന്‍ അടുത്തതിനാല്‍ ഉംറ വിസകള്‍ കുറഞ്ഞ ദിവസത്തേക്കു മാത്രമേ ഇനി ലഭ്യമാകൂ. ഉംറ വിസയിലെത്തുന്നവരെല്ലാം ഹജ്ജിന് മുന്നോടിയായി ഏപ്രില്‍ 28നകം മടങ്ങണമെന്ന നിര്‍ദേശമുണ്ട്.

ഈ സാഹചര്യത്തില്‍ സൗദിയിലേക്ക് വന്ന് വെക്കേഷന് ഉപയോഗിക്കാവുന്ന ഏക വിസ ഇനി സിംഗിള്‍ എന്‍ട്രി വിസകള്‍ മാത്രമായിരിക്കും. ഈ വിസയില്‍ വന്നാല്‍ 90 ദിവസം വരെ തങ്ങാം. എന്നാല്‍ ഓരോ 30 ദിനമാകുമ്പോഴും 100 റിയാല്‍ ഫീസടച്ച് വിസ പുതുക്കണം. 90 ദിവസം പൂര്‍ത്തിയാകുന്നതിനിടെ സൗദിയില്‍ നിന്ന് പുറത്ത് പോയാല്‍ വിസ റദ്ദാവുകയും ചെയ്യും.

ഒരു വര്‍ഷം കാലാവധിയുള്ള ബിസിനസ് വിസിറ്റ് വിസകളും നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ക്കാണ് നിയന്ത്രണം.

കഴിഞ്ഞ വര്‍ഷം വിസിറ്റ് വിസകളിലെത്തിയവര്‍ മക്കയില്‍ പിടിയിലായിരുന്നു. വിസകള്‍ നിര്‍ത്തിയതിന്റെ പ്രത്യാഘാതം പരിശോധിച്ച ശേഷമാകും തുടര്‍ നടപടിയെന്നാണ് വിവരം. അല്ലെങ്കില്‍ ഹജ്ജിന് ശേഷം നിര്‍ത്തലാക്കിയ വിസകള്‍ ലഭിച്ചേക്കാം എന്നുമാണ് വിദേശകാര്യ കോള്‍സെന്ററില്‍ നിന്ന് ലഭിക്കുന്ന മറുപടി.