08
Jan 2024
Fri
08 Jan 2024 Fri

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുമ്പോള്‍ ചര്‍ച്ച കൊണ്ട് എന്ത് കാര്യമെന്ന് സൗദിയുടെ റീമ രാജകുമാരി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദാവോസ്: ഫലസ്തീനില്‍ മൂന്നരമാസത്തിലേറെയായി ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുമ്പോള്‍ ചര്‍ച്ച കൊണ്ട് എന്ത് കാര്യമെന്ന് അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ അല്‍ സൗദ് രാജകുമാരി. ഗാസയില്‍ വെടിനിര്‍ത്തലുണ്ടാവാതെ ഇസ്രായീലുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചക്ക് സൗദി അറേബ്യ തയാറാവില്ലെന്നും അവര്‍ പറഞ്ഞു. ഒരു സ്ഥലത്ത് സംഘര്‍ഷം തുടരുകയും നിര്‍ബാധം കൊല നടക്കുകയും ചെയ്യുമ്പോള്‍ അടുത്ത ദിവസം ചര്‍ച്ചക്ക് പോകാന്‍ നമുക്കാവില്ലെന്നും അവര്‍ വ്യക്തമാക്കി. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തികഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അതേസമയം സൗദി ഇസ്രായില്‍ ബന്ധം സാധാരണ നിലയിലാകുന്നത് ഗാസ യുദ്ധം അവാസാനിക്കുന്നതിന് നിര്‍ണായകമാകുമെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലാകെ വലിയൊരു മാറ്റത്തിനും അത് കാരണമാകും. എന്നാല്‍ അതിപ്പോഴും വളരെ ദുര്‍ഘടമാണ്, ശരിയാവാന്‍ വളരെയേറെ സമയമെടുക്കുകയും ചെയ്യും. എന്നാല്‍ ലോകത്തിന് മുന്നോട്ട് നീങ്ങാനും, മേഖലയുടെ ശോഭനമായ ഭാവിക്കും അത് വലിയൊരു അവസരമായിരിക്കുമെന്നും ഇസ്രായില്‍ പ്രസിഡന്റ് പറഞ്ഞു.മേഖലയുടെ സമാധാനമെന്നത് ഇസ്രായിലിന്റെ സമാധാനം കൂടിയാണെന്ന് കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിച്ച സൗദി വിദേശകാര്യ മന്ത്രി ഫൈസന്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞിരുന്നു. വിശാലമായ രാഷ്ട്രീയ ഉടമ്പടിയുടെ ഭാഗമായി ഇസ്രായിലിനെ അംഗീകരിക്കാന്‍ സൗദി അറേബ്യ തയാറാണെന്നും, എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവുകയും, ഫലസ്തീനികള്‍ക്ക് സമാധാന ജീവിതം ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ അത് സംഭവിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക