സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റ് തൊഴില്‍ നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളാക്കി തരംതിരിച്ചു. തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് വര്‍ക്ക് പെര്‍മിറ്റ് തരംതിരിച്ചിരിക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹി വ്യക്തമാക്കി.
|
രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടമാണ് ഇന്നു നിലവില്‍ വന്നത്. രണ്ടാം ഘട്ടം ആഗസ്റ്റ് 3 മുതലാണ് നടപ്പാക്കുക. ആദ്യമായി രാജ്യത്ത് എത്തുന്നവര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകളാണ് രണ്ടാം ഘട്ടത്തില്‍ തരംതിരിക്കുക.
വൈദഗ്ധ്യമുള്ള വിദേശ പ്രതിഭകളെ എത്തിച്ച് സൗദി തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലിന് അനുയോജ്യമായ വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം, അക്രഡിറ്റേഷനേയും തൊഴില്‍ സ്വഭാവത്തേയും അടിസ്ഥാനമാക്കിയുള്ള പ്രഫഷനല്‍ കഴിവുകള്‍ എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് വര്‍ക്ക് പെര്‍മിറ്റ് തരംതിരിക്കുന്നത്. പ്രവര്‍ത്തന മേഖലയെ അടിസ്ഥാനമാക്കി ഓരോ വിഭാഗത്തിനും പ്രത്യേക വേതന പരിധിയും തൊഴിലിന്റെ സ്വഭാവവും ആവശ്യകതകളും അനുസരിച്ച് പ്രായപരിധിയും മന്ത്രാലയം നിര്‍ണയിക്കും. ഇതിനായി പ്രത്യേക മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്.
ഏകീകൃത സൗദി തൊഴില്‍ വര്‍ഗീകരണ പ്രകാരം ഒമ്പത് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന തൊഴിലുകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ആണ് നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാക്കി തരംതിരിച്ചിരിക്കുന്നത്.
1. ഏകീകൃത സൗദി തൊഴില്‍ വര്‍ഗീകരണം പ്രകാരമുള്ള ഒന്നു മുതല്‍ മൂന്നു വരെയുള്ള തൊഴില്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവരാണ് ആദ്യ വിഭാഗം. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഈ വിഭാഗത്തിലെ തൊഴിലാളിയുടെ വേതനം മന്ത്രാലയം നിശ്ചയിച്ച ആകെത്തുകയേക്കാള്‍ കുറവായിരിക്കരുത്. മന്ത്രാലയം നിര്‍ണയിച്ച അക്രഡിറ്റേഷന്‍ പ്രോഗ്രാമും പോയിന്റ് സംവിധാനവും പാസാകണമെന്നും വ്യവസ്ഥയുണ്ട്.
2. ഏകീകൃത സൗദി തൊഴില്‍ വര്‍ഗീകരണം പ്രകാരമുള്ള നാലു മുതല്‍ എട്ടു വരെയുള്ള പ്രധാന തൊഴില്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നവരാണ് രണ്ടാം വിഭാഗമായ വൈദഗ്ധ്യ വിഭാഗത്തില്‍ വരിക. ഈ വിഭാഗം തൊഴിലാളിയുടെ വേതനം മന്ത്രാലയം നിശ്ചയിച്ച ആകെത്തുകയേക്കാള്‍ കുറവായിരിക്കരുത്. കൂടാതെ തൊഴിലാളി പ്രത്യേക അക്രഡിറ്റേഷന്‍ പ്രോഗ്രാമും പാസാക്കണം.
3. ഏകീകൃത സൗദി തൊഴില്‍ വര്‍ഗീകരണം പ്രകാരമുള്ള ഒമ്പതാം തൊഴില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരാണ് മൂന്നാം വിഭാഗമായ അടിസ്ഥാന വിഭാഗത്തില്‍ വരിക. ഈ വിഭാഗത്തിലെ തൊഴിലാളികള്‍ ഒമ്പതാം ഗ്രൂപ്പിനായി നിര്‍ണയിച്ച അക്രഡിറ്റേഷന്‍ പ്രോഗ്രാം പാസായിരിക്കണം. ഈ വിഭാഗത്തിലെ വിദേശ തൊഴിലാളിയുടെ പ്രായം 60 വയസ്സ് കവിയാനും പാടില്ല.
ALSO READ: മദ്യനിരോധനം നീക്കുമെന്ന വാര്‍ത്തകള്‍ തള്ളി സൗദി അറേബ്യ


