28
Apr 2024
Fri
28 Apr 2024 Fri
UP MADRASA ACT

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലക്ഷക്കണക്കിന് മുസ്ലിം വിദ്യാര്‍ഥികളെ ബാധിക്കുന്ന മദ്‌റസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തു. നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ( SC stays Allahabad HC order striking down UP Madarsa Act, 2004 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹരജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 2004ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പാസാക്കിയ യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് ഭരണഘടനാ വിരുദ്ധവും മതേതര തത്വങ്ങളുടെ ലംഘനവുമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. നിലവില്‍ മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി പഠനത്തിനായി പൊതു സ്‌കൂളുകളില്‍ പ്രവേശനം അനുവദിക്കുകയോ പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

സംസ്ഥാനത്തെ മദ്രസകളുടെ സര്‍വേ നടത്താന്‍ ബിജെപി ഗവണ്‍മെന്റ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു ഹൈക്കാടതിയുടെ വിധി വന്നത്. മദ്‌റസ നിയമം മതേതരത്വത്തിന്റെ ലംഘനമാണെന്നും 14 വയസ്സു വരെ ഗുണനിലവാരമുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം ലഭക്കാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു അലഹാബാദ് ഹൈക്കോടതി അന്ന് വിധി പറഞ്ഞത്.

മദ്‌റസ നിയമം അലഹബാദ് ഹൈക്കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചതോടെ നിരവധി പേരുടെ വിദ്യാഭ്യാസവും ജോലിയും അനിശ്ചിതത്വത്തിലായിരുന്നു. ഉത്തര്‍പ്രദേശില്‍ 16,513 അംഗീകൃത മദ്രസകളും അംഗീകാരമില്ലാത്ത 8,449 മദ്രസകളും ഉണ്ടെന്നാണ് കണക്ക്.

ഇസ്ലാമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി ഭാഷാ പഠനവും ശാസ്ത്ര വിഷയങ്ങളും ഉള്‍പ്പെടെ പഠിപ്പിക്കുന്നവയാണ് യുപിയിലെ മദ്‌റസകള്‍. മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പുറമേ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികളും ഇത്തരം മദ്‌റസകളെയാണ് ആശ്രയിക്കുന്നത്. മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് ഫീസ് വളരെ കുറവാണെന്നതിനാലാണിത്. പൊതു സ്‌കൂളുകളില്ലാത്ത ഉള്‍പ്രദേശങ്ങളിലും ഇത്തരം വിദ്യാലയങ്ങളാണ് ആശ്രയം.