കോഴിക്കോട്: ഉംറയ്ക്കും ഹജ്ജിനും വോളന്റിയർമാരെ വേണമെന്നാവശ്യപ്പെട്ട് വ്യാജ പരസ്യം നൽകി തട്ടിയെടുത്തത് ലക്ഷങ്ങൾ. സ്ത്രീകളടക്കം അഞ്ഞൂറിലേറെ പേർ തട്ടിപ്പിനിരയായതായാണ് സംശയിക്കുന്നത്. ഇവരിൽ നിന്ന് 10,000 രൂപ മുതൽ 25,000 രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. പരസ്യം കണ്ട് അപേക്ഷിച്ചവരുടെ ആധാർ കാർഡും പാസ്്പോർട്ടും തട്ടിപ്പ് നടത്തിയവർ കൊണ്ടു പോയി. സോഷ്യൽ മീഡിയയിലടക്കം പരസ്യം നൽകിയാണ് ആളുകളെ തട്ടിപ്പിനിരയാക്കിയത്.
|
22 നും 45 വയസിനും ഇടയിലുള്ളവരെ മൂന്ന് മാസത്തെ പ്രൊജക്ട് വിസയിൽ ഹജ്ജ് – ഉംറ വോളന്റിയർമാരായി മക്കയിലേക്കും മദീനയിലേക്കും ആവശ്യമുണ്ടെന്നാണ് പരസ്യത്തിലെ വാഗ്ദാനം.
1300 സൗദി റിയാൽ ശമ്പളവും സൗജന്യ താമസവും ഭക്ഷണവും നൽകുമെന്നും പറഞ്ഞിരുന്നു. അപേക്ഷിക്കാനുള്ള വിവരങ്ങളും നൽകി. പരസ്യം കണ്ട് അപേക്ഷിച്ചവരെ ഏജന്റുമാർ നേരിട്ട് സമീപിക്കുകയും മുംബൈയിൽ ട്രെയിനിംഗിന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് 10,000 രൂപ മുതൽ 25,000 രൂപ വരെ ഓരോരുത്തരിൽ നിന്നും വാങ്ങുകയുമായിരുന്നു. വിസയ്ക്ക് വേണ്ടി ഇവരുടെ ആധാർ കാർഡും പാസ്പോർട്ടും കൊണ്ടു പോയി. പിന്നീട് യാതൊരു വിവരവുമില്ലാതായതിനെ തുടർന്നാണ് അപേക്ഷകർ പോലീസിൻ പരാതി നൽകിയത്.
നടക്കാവ് പോലീസാണ് പരാതിയിൽ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ വോളന്റിയർ ആകാൻ അപേക്ഷിച്ചവരിൽ കുറേ പേർ നൽകിയ രേഖകൾ ഫറോക്ക് പുഴയുടെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.





