തിരുവനന്തപുരം: വേനലവധിക്ക് ശേഷം മഴയുടെ ആരവത്തില്‍ സംസ്ഥാനത്തെ കുട്ടിക്കൂട്ടങ്ങള്‍ ഇന്ന് വീണ്ടും സ്‌കൂളുകളിലെത്തും. (Schools in Kerala opens today) സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
|
ജില്ലാതല പ്രവേശനോത്സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. 44 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.
സാമൂഹ്യബോധം വളര്‍ത്തുന്ന 10 വിഷയങ്ങള്‍ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.
കനത്ത മഴ സ്‌കൂളുകള്‍ തുറക്കുന്നത് വൈകാനിടയാക്കുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍, മഴ താല്‍ക്കാലികമായി മാറിനിന്നതോടെയാണ് സ്‌കൂളുകള്‍ കൃത്യമായി തുറക്കാന്‍ സാധിച്ചത്.
കാലവര്‍ഷ കെടുതിയെ തുടര്‍ന്ന് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് അവധി.
കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പ്രവേശനോത്സവം ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത പ്രവൃത്തിദിവസം നടത്താനാണ് നിര്‍ദ്ദേശം. പത്തനംതിട്ടയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌കൂളുകളില്‍ മാത്രം ഇന്ന് പ്രവേശനോത്സവം നടത്തും.
ബാലികാമഠം എച്ച്എസ്എസ് കുറ്റൂര്‍, സെന്റ് തോമസ് സ്‌കൂള്‍ തിരുമൂലപുരം, ഗവ. ഹൈസ്‌കൂള്‍ കോയിപ്പുറം തുടങ്ങിയ സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുക. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മറ്റ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും.
കുട്ടനാട് താലൂക്കിലേയും അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും.
സ്‌കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


