25
Aug 2024
Wed
25 Aug 2024 Wed
Memana Bapu Master

മലപ്പുറം: എസ്ഡിപിഐ മലപ്പുറം മുന്‍ ജില്ലാ പ്രസിഡന്റും അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ മേമന ബാപ്പു മാസ്റ്റര്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തതായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയി. (SDPI Malappuram former district president Memana Bapu Master has returned to Congress; DCC president; Bapu Master denied) എന്നാല്‍, ഇത് വ്യാജപ്രചാരണമാണെന്ന് ബാപ്പു മാസ്റ്ററും എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞിയും വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബാപ്പു മാസ്റ്റര്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതായി വി എസ് ജോയി അവകാശപ്പെട്ടത്.
മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിനെ നേരില്‍ കാണാനും സംസാരിക്കാനും അവസരം ലഭിച്ച ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ വ്യക്തികളില്‍ ഒരാളായ ബാപ്പു മാസ്റ്ററുടേത് സ്വാതന്ത്ര്യ സമര കാലം മുതല്‍ ആരംഭിച്ച കോണ്‍ഗ്രസ്സ് സംഘടനാ പ്രവര്‍ത്തനമാണെന്ന് പോസ്റ്റില്‍ വി എസ് ജോയി പറയുന്നു.
കൂട്ടിലങ്ങാടി മണ്ഡലം പ്രസിഡന്റായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ച അദ്ദേഹം ജില്ലയിലെ കോണ്‍ഗ്രസിന്റെ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി ക്ലാസുകള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ്. ഒരിടക്കാലത്ത് പ്രാണനെ പോലെ സ്‌നേഹിച്ച കോണ്‍ഗ്രസില്‍ നിന്നും എന്തു കൊണ്ടോ അകന്ന് പോയി. കോണ്‍ഗ്രസിലേക്ക് തിരിച്ചു വരണമെന്ന അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം ഇന്നലെ യഥാര്‍ഥ്യമായെന്നും വി എസ് ജോയി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെടുന്നു. ത്രിവര്‍ണ ഷാള്‍ അണിയിച്ച് കൊണ്ട് ബാപ്പു മാസ്റ്ററോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍, പഴയ കോണ്‍ഗ്രസുകാരെ ആദരിക്കാനെന്ന് പറഞ്ഞാണ് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതെന്ന് ബാപ്പു മാസ്റ്റര്‍ അറിയിച്ചു. അവര്‍ ഷാള്‍ അണിയിക്കുകയും കുറച്ച് നേരം സംസാരിച്ച് പോവുകയും ചെയ്തു. താന്‍ എസ്ഡിപിഐ വിടുകയോ കോണ്‍ഗ്രസിലേക്കു മടങ്ങുകയോ ചെയ്തിട്ടില്ല. വ്യാജ പ്രചാരണത്തിനെതിരേ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം, തൊണ്ണൂറ് കഴിഞ്ഞ, ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു മനുഷ്യനോട് എന്തിനാണ് ഒരു സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ വന്നു ഈ ക്രൂരത കാണിക്കുന്നതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി പ്രസ്താവനയില്‍ ചോദിച്ചു.

പഴയകാല കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കുന്ന ഒരു ചടങ്ങുണ്ടെന്ന് പറഞ്ഞാണ് ഈ ചിത്രത്തില്‍ കാണുന്ന ‘കലാ പരിപാടികള്‍’ അവിടെ നടന്നത്. അതിനപ്പുറം കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നൊക്കെയുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണ്.

പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ: സാദിഖ് നടുത്തൊടി, മുര്‍ശിദ് ശമീം എന്നിവര്‍ ഇന്നലെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഈ ആദരിക്കലിലൂടെ ഒരു ചതിയാണ് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തന്നോട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. 94ാം വയസ്സിലും തന്റെ നിലപാടുകള്‍ കൊണ്ടും നിശ്ചയ ദാര്‍ഡ്യം കൊണ്ടും ഊര്‍ജസ്വലത കൊണ്ടും ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് ആവേശവും അഭിമാനവുമായ അദ്ദേഹത്തിന് ഒരു പഴയ കോണ്‍ഗ്രസുകാരന്‍ എന്ന പരിഗണനയെങ്കിലും നല്‍കി നുണപ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നാണ് ജോയിയോടും കൂട്ടരോടും പറയാനുള്ളതെന്നും അന്‍വര്‍ പഴഞ്ഞി അഭ്യര്‍ഥിച്ചു.