22
Mar 2025
Thu
22 Mar 2025 Thu
SDPI NATIONAL PRESIDENT MK FAIZY

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലുള്ള എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. (SDPI President MK Faizi’s custody period ends today) പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഫൈസിയെ മാര്‍ച്ച് 3ന് രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇഡി അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് ദിവസം കൂടി കസ്റ്റഡി നീട്ടി നല്‍കണമെന്ന് തിങ്കളാഴ്ച്ച ഡല്‍ഹി കോടതിയോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതി മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചത്. അതിന്റെ കാലാവധി ഇന്ന് അവസാനിക്കും.

കൂടുതല്‍ ചോദ്യം ചെയ്യലിനായി മാര്‍ച്ച് 4ന് കോടതി ഫൈസിയെ ആറ് ദിവസത്തെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. അത് അവസാനിച്ചതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡി നീട്ടിവാങ്ങിയത്.

ALSO READ: ദേശീയ പ്രസിഡന്റിന്റെ അറസ്റ്റും ഇഡി റെയ്ഡും; എസ്ഡിപിഐയെ നിരോധിക്കാന്‍ കേന്ദ്രം പുതിയ വഴിതേടുകയാണോ?

2009ല്‍ രൂപികരിക്കപ്പെട്ട സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണെന്നാണ് ഇഡി ആരോപിക്കുന്നത്. എസ്ഡിപിഐക്ക് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് വലിയ തോതില്‍ ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം എസ്ഡിപിഐ നിഷേധിച്ചു

നേരത്തേ, തെളിവ് രേഖകളും ചില മൊഴികളും സ്ഥിരീകരിക്കുന്നതിന് ഫൈസിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇഡി അറിയിച്ചിരുന്നു. എന്നാല്‍, അഡ്വക്കറ്റ് സത്യകം, സൈപാന്‍ ദസ്തഗീര്‍ ശെയ്ഖ് എന്നിവരുള്‍പ്പെട്ട ഫൈസിയുടെ അഭിഭാഷക സംഘം ഇതിനെ എതിര്‍ത്തു.

അദ്ദേഹത്തെ നേരത്തേ മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനാവാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് ബാക്കിയുള്ളതെങ്കില്‍ അത് ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ തന്നെ ചെയ്യാവുന്നതാണ്. ആരോപിക്കപ്പെടുന്ന ഫണ്ട് കൈമാറ്റം നടന്നത് 2017നും 2019നും ഇടയിലാണ്. ഇത് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന് മുമ്പാണ്. അത് എങ്ങിനെയാണ് കുറ്റകൃത്യമാവുകയെന്നും അഭിഭാഷകര്‍ ചോദിച്ചു.

വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആരോപണത്തെയും ഫൈസിയുടെ അഭിഭാഷകര്‍ നിഷേധിച്ചു. എസ്ഡിപിഐക്ക് പോപ്പുലര്‍ ഫ്രണ്ടുമായി സാമ്പത്തിക ബന്ധമില്ല. എസ്ഡിപിഐ സ്വതന്ത്ര പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.

എസ്ഡിപിഐ സ്ഥാപക നേതാക്കളില്‍ ഒരാളായ എംകെ ഫൈസി 2018 മുതല്‍ ദേശീയ പ്രസിഡന്റ് ആണ്. ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയ നിരീക്ഷകനുമായ അദ്ദേഹം 1980കളില്‍ മസ്ജിദ് ഇമാം ആയി സേവമനുഷ്ടിച്ചതായും എസ്ഡിപിഐ പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക