20
Feb 2025
Thu
20 Feb 2025 Thu
Siamese twins saudi

അക്ബര്‍ പൊന്നാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയില്‍ നിന്നുള്ള സയാമീസ് ഇരട്ടകള്‍ സൗദി തലസ്ഥാന നഗരിയിലെ നേഷനല്‍ ഗാര്‍ഡ്സ് ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ സ്വതന്ത്ര അസ്തിത്വം കൈവരിച്ചു. (Separation surgery of siamese twins in Riyadh) റസ്മാത സവാഡോഗോ എന്ന ബുര്‍ക്കിനാഫാസോ പൗരന്റെ പതിനേഴ് മാസം പ്രായമുള്ള പെണ്‍ സയാമീസുകളായ ഹവ്വ, ഖദീജ എന്നിവരെയാണ് വേര്‍പ്പെടുത്തിയത്.

ഇതിലൂടെ, സയാമീസുകള്‍ക്ക് ആരോഗ്യപൂര്‍വം വേര്‍പിരിയാനുള്ള സുരക്ഷിതമായ വേദിയാണ് സൗദി അറേബ്യ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. 34 വര്‍ഷമായി ഈ രംഗത്ത് അനുപമമായ സേവനം തുടരുന്ന ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസ് അല്‍റബീഹയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി.

സൗദി കൊട്ടാര ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ്‌സ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമീസ് ഇരട്ടകളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൗദി മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടീമിന്റെ തലവനുമാണ് ഡോ. അബ്ദുല്ല അല്‍റബീഹ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സൗദിയിലെ എല്ലാ സയാമീസ് വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയയും.

സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ സമാപിച്ചത്.

കുഞ്ഞുങ്ങള്‍ നെഞ്ചിന്റെ അടിഭാഗത്തും വയറിലും ഒട്ടിപ്പിടിച്ചിരിക്കുകയാണെന്നും പെരികാര്‍ഡിയം, കരള്‍, കുടല്‍ എന്നിവ ഇരുവര്‍ക്കും കൂടി ഒന്നേ ഉണ്ടായിരുന്നുള്ളൂ എന്നും ഡോ. അല്‍റബീഹ ശാസ്ത്രക്രിയക്ക് ശേഷം മാധ്യമങ്ങളോട് വിവരിച്ചു.

അഞ്ച് ഘട്ടങ്ങളിലായി നടന്ന ശസ്ത്രക്രിയ ഏകദേശം എട്ട് മണിക്കൂര്‍ എടുത്തു. അനസ്‌തേഷ്യ, പീഡിയാട്രിക് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, മറ്റ് സപ്പോര്‍ട്ടിംഗ് സ്‌പെഷ്യാലിറ്റികള്‍ എന്നിവയില്‍ നിന്നുള്ള 26 കണ്‍സള്‍ട്ടന്റുകള്‍, സ്‌പെഷ്യലിസ്റ്റുകള്‍, നഴ്‌സിംഗ്, സാങ്കേതിക ജീവനക്കാര്‍ എന്നിവരുടെ വിദഗ്ധ പങ്കാളിത്തത്തോടെയായിരുന്നു ഹവ്വാ – ഖദീജാ വേര്‍പ്പെടുത്തല്‍.

കുടലുകളുടെയും പെരികാര്‍ഡിയത്തിന്റെയും ഒട്ടിച്ചേരലുകളുടെ വ്യാപ്തിയാണ് മെഡിക്കല്‍ സംഘം നേരിട്ട വലിയ വെല്ലുവിളിയെന്നും ഡോ. അല്‍റബിയ തുടര്‍ന്നു.

35 വര്‍ഷത്തിനിടെ 27 സഹോദര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള 146 സയാമീസ് ഇരട്ടകളെ പരിചരിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിച്ചു. സൗദി കണ്‍ജൈന്‍ഡ് ട്വിന്‍സ് സെപ്പറേഷന്‍ പ്രോഗ്രാമിന്റെ 62-ാമത് ശസ്ത്രക്രിയയാണിതെന്നും ഡോ. അബ്ദുള്ള അല്‍റബിയ അഭിമാനപൂര്‍വം പറഞ്ഞു.