മാസപ്പടി കേസില്‍ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയിക്കുന്നുവെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. (Serious allegations against CMRL over suspicion of giving money to those supporting terrorist activities)
|
ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായി എന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി. സിഎംആര്‍എല്‍ 184 കോടിയോളം രൂപയുടെ ഇടപ്പാട് എക്‌സാലോജിക്കുമായി നടത്തി.
രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നല്‍കിയതെന്ന് അന്വേഷിക്കുന്നുവെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. എക്‌സാലോജികുമായി ബന്ധമുള്ള പ്രമുഖ വ്യക്തിക്ക് ആണ് പണം നല്‍കിയത്. കേസില്‍ 23ന് വാദം തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.
സാധരണമായി നടന്ന ഇടപാടാണ് എക്സാലോജിക്കുമായി നടന്നതെന്നാണ് സിഎംആര്‍എല്‍ വാദിച്ചത്. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം ചട്ടവിരുദ്ധമാണ്. സെറ്റില്‍മെന്റ് കമ്മീഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണം. കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിനു രഹസ്യരേഖകള്‍ എങ്ങനെ ലഭിച്ചുവെന്നും സിഎംആര്‍എല്‍ കോടതിയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.
കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നുവെന്ന് ഷോണ്‍ ജൗര്‍ജ് പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് എസ്എഫ്ഐഒ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രിയാണെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.





