പാരിസ്: അട്ടിമറി ജയങ്ങളിലൂടെ ലോകകപ്പിൽ അതിശയകരമായ മുന്നേറ്റം നടത്തിയ മൊറോക്കൻ ടീമിന്റെ മിന്നും താരം അഷ്‌റഫ് ഹകീമിക്കെതിരെ പീഡന പരാതി. വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയിൽ പിഎസ്ജി പ്രതിരോധ താരത്തിനെതിരെ ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങി.
|
ഈ മാസം 25ന് ഫ്രഞ്ച് നഗരമായ ബുലോയ്‌നിലുള്ള ഹകീമിയുടെ വീട്ടിൽ വച്ചാണ് സംഭവമെന്നാണ് റിപ്പോർട്ട്. കുടുംബം വീട്ടിലില്ലാത്ത സമയം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് ഫ്രഞ്ച് മാധ്യമമായ ‘ലെ പാരിസിയൻ’ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. യുവതി തടഞ്ഞിട്ടും ചുണ്ടിലും രഹസ്യഭാഗങ്ങളിലും ചുംബിച്ചെന്നാണ് ആരോപണം.
സംഭവത്തിൽ പരാതി നൽകാൻ യുവതി കൂട്ടാക്കിയിട്ടില്ല. എന്നാൽ, സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടു എന്നു മാത്രമാണ് യുവതി പൊലീസിനോട് പറഞ്ഞിരുന്നത്. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ സ്വമേധയാ നിയമനടപടികൾ ആരംഭിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാം വഴി ഇരുവരും തമ്മിൽ സൗഹൃദമുണ്ടെന്ന് സ്പാനിഷ് മാധ്യമമായ ‘മാഴ്‌സ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജനുവരി 16നാണ് ഇരുവരും ഇൻസ്റ്റയിൽ സുഹൃത്തുക്കളാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ആദ്യമായി നേരിൽ കാണുന്നത്. ഹകീമി ബുക്ക് ചെയ്ത ‘യൂബർ’ ടാക്സിലിയിലാണ് യുവതി താരത്തിന്റെ വീട്ടിലെത്തിയതെന്ന് ‘മാഴ്‌സ’ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിനു പിന്നാലെ താരത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി സുഹൃത്തിന് മെസേജ് അയക്കുകയായിരുന്നു. തുടർന്ന് സുഹൃത്ത് എത്തിയാണ് സ്വന്തം വീട്ടിലേക്ക് മടക്കിക്കൊണ്ടുപോയത്. പിന്നീട് ഞായറാഴ്ച പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകുകകയായിരുന്നു. അതേസമയം, സംഭവത്തിൽ താരവും പിഎസ്ജിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറ്റം തെളിഞ്ഞാൻ ഹകീമിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.


