21
Feb 2023
Thu
21 Feb 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിനു പിന്നാലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ പിതാവ് സി.പി.എമ്മിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത്. ഷുഹൈബിനെ കൊന്നവരെയല്ല കൊല്ലിച്ചവരെയാണ് പിടികൂടേണ്ടതെന്ന് പിതാവ് മുഹമ്മദ് പ്രതികരിച്ചു. ഷുഹൈബ് കൊലപാതകക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി.

കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ആകാശ് തില്ലങ്കേരി തന്നെ പറയട്ടെ. അയാളുടെ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കണം. ഇക്കാര്യം തില്ലങ്കേരി തന്നെ പറയുമെന്നും മുഹമ്മദ് പറഞ്ഞു. മകന്‍ നഷ്ടപ്പെട്ട വേദന ഇപ്പോഴും മാറിയിട്ടില്ല. മാറുകയുമില്ല. എന്തിനാണ് എന്റെകുട്ടിയെ കൊന്നുതള്ളിയതെന്ന് ഇതുവരെ അറിയില്ല. അക്കാര്യം സി.പി.എം നേതൃത്വം വ്യക്തമാക്കണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.

കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് വരെ പാര്‍ട്ടിക്കാര്‍ ജോലി കൊടുത്തതായി കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിവെളിപ്പെടുത്തിക്കഴിഞ്ഞു. ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്നും നീതി കിട്ടിയിട്ടില്ല. കേസില്‍ സുപ്രിംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസ് മാര്‍ച്ച് 14ന് കോടതി പരിഗണിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു.

നേരത്തെ ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നല്‍കിയ കമന്റിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ ആകാശ് തില്ലങ്കേരി കടന്നാക്രമിച്ചത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

‘പ്രതിഫലം അഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരിന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ് വഴികള്‍ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്’ ആകാശ് തില്ലങ്കേരി കുറിച്ചു. എന്നാല്‍ സംഭവം വിവാദമാകുകയും പാര്‍ട്ടി പ്രതിരോധത്തിലാവുകയും ചെയ്തതോടെ ഡി.വൈ.എഫ്.ഐ ആകാശ് തില്ലങ്കേരിക്കെതിരേ രംഗത്തെത്തി.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്. എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ മുന്നറിയിപ്പ്. ആകാശ് തില്ലങ്കേരിയുടെ പേരെടുത്തു പറഞ്ഞാണ് ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന.