കണ്ണൂർ: പാർട്ടിക്കായി കൊലപാതകം നടത്തിയുണ്ടെന്നതുൾപ്പെടെയുള്ള വെളിപ്പെടുത്തൽ നടത്തി സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് കൊലപാതകം ചെയ്യിച്ചത്. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണസ്ഥാപനങ്ങളിൽ ജോലി നൽകി. കൊല ചെയ്ത ഞങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ആകാശ് പറഞ്ഞു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരിയുടെ കമന്റ്.
|
കഴിഞ്ഞദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിൽ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്നവരും സി.പി.എം പ്രാദേശിക നേതാക്കളും തമ്മിലുള്ള വാക്കുതർക്കം തുടരുകയാണ്. ഡിവൈഎഫ്ഐ നേതാവ് ഷാജിറിനെ കൊണ്ട് ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിച്ചത് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള ഗുഢശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നുപറഞ്ഞാണ് വാക്പോര് തുടങ്ങിയത്. അതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പുമരം, ആകാശ് തില്ലങ്കേരിയെ തള്ളി പോസ്റ്റിട്ടത്. അതിന് താഴെയായിരുന്നു ആകാശ് തില്ലങ്കേരിയുടെ കമന്റ്.
എടയന്നൂരിലെ പാർട്ടി നേതാക്കൾക്ക് എന്റെ ധൈര്യം സംബന്ധിച്ച് രണ്ടാമത് ഒന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങൾ വാതുറന്നാൽ എടയന്നൂരിലെ പാർട്ടി സഖാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല. ആഹ്വാനം ചെയ്ത നേതാക്കൾക്ക് സഹകരണസംഘം സ്ഥാപനങ്ങളിൽ ജോലി നൽകി. കൊല ചെയ്ത ഞങ്ങളെ പാർട്ടിയിൽ നിന്ന് പടിയടച്ച് പുറത്താക്കി. അതിനുശേഷം ഞങ്ങൾ ജീവിക്കുന്നത് എങ്ങനെയെന്ന് പാർട്ടി നോക്കിയില്ല. പിടിച്ചുനിൽക്കാൻ വേണ്ടിയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്കും കുഴൽപ്പണ ഇടപാടിലേക്കും നീങ്ങിയത്. ആ സമയത്ത് പാർട്ടി ഞങ്ങളെ തിരുത്താൻ ശ്രമിച്ചില്ല. മാത്രമല്ല ഞങ്ങൾ നടത്തിയ ക്വട്ടേഷനിൽ പങ്കുപറ്റിയ ആളുകളുടെ വിവരം പുറത്തുവിട്ടാൽ പലർക്കും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നാണ് കമന്റ്.
നേതാക്കളെ തേജോവധം ചെയ്യാനുള്ള പ്രവർത്തനമാണ് ആകാശ് തില്ലേങ്കരിയും സുഹൃത്തുക്കളും നടത്തുന്നതെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിപിഎം ജില്ലാഘടകത്തിന് ഇവർ കത്തുനൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ വനിതാ നേതാക്കളെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആകാശിനെ അനുകൂലിച്ച ചിലർക്കെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം ചൂണ്ടിക്കാണിച്ച് ആകാശ് തില്ലങ്കേരിയുടെ സാമൂഹിക മാധ്യമത്തിലെ പ്രതികരണം.



