നിക്ഷേപതട്ടിപ്പ്: ആ ഒപ്പ് തന്റേതല്ലെന്ന് ഷുക്കൂര്‍ വക്കീല്‍
|
കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട സത്യവാങ്ങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് നടനും അഭിഭാഷകനുമായ നിക്ഷേപ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ഷുക്കൂര്‍ വക്കീല്‍. കേസില്‍ തട്ടിപ്പിന് ഇരയായവര്‍ക്കൊപ്പം നിന്ന തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അഡ്വ. ഷുക്കൂര്‍ ആരോപിക്കുന്നു. ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിന് കേസെടുത്തിരുന്നു.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ കളനാട് കട്ടക്കാല്‍ സ്വദേശി എസ്.കെ മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് ഷുക്കൂര്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്തത്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം, സെക്രട്ടറി സന്ദീപ് സതീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. മുഹമ്മദ് കുഞ്ഞിയെ കമ്പനി ഡയറക്ടര്‍ ബോര്ഡില്‍ അംഗമാക്കാന്‍ അംഗമാക്കാന്‍ 2013 ല്‍ വ്യാജ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു എന്നാണ് പരാതി. അന്നത്തെ നോട്ടറി അഭിഭാഷകനായിരുന്ന ഷുക്കൂറാണ് സത്യവാങ്ങ്മൂലത്തില്‍ ഒപ്പിട്ടതെന്നും പരാതിയിലുണ്ട്.
എന്നാല്‍ പുറത്ത് വന്ന രേഖകള്‍ താന്‍ സാക്ഷ്യപ്പെടുത്തിയതല്ലെന്നാണ് ഷുക്കൂറിന്റെ വാദം. ഇരകള്‍ക്കൊപ്പം നില്‍ക്കുകയും അവര്‍ക്ക് വേണ്ടി പോരാടുകയും ചെയ്ത തന്നെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷുക്കൂര്‍ ആരോപിക്കുന്നു. തന്നെ പ്രതിക്കൂട്ടിലാക്കിയാല്‍ കേസിന്റെ ദിശ മാറ്റാമെന്ന ഉദ്ദേശ്യമാണെന്നും ഇതിനുപിന്നില്‍ ഗുഢാലോചന നടന്നതായും ഷുക്കൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോയേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.വേണുഗോപാലനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍ എന്ന നിലയില്‍ തനിക്കെതിരെ വ്യാജരേഖ നിര്‍മിച്ചുവെന്നാണ് എസ്.കെ.മുഹമ്മദ് കുഞ്ഞി ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് കോടതിനിര്‍ദേശപ്രകാരമാണ് മേല്‍പ്പറമ്പ് പോലീസ് കേസെടുത്തത്. ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കിട്ടാനായി ഫോറം 32നൊപ്പം 2013 ഓഗസ്റ്റ് 13നാണ് മുഹമ്മദ്കുഞ്ഞിയുടെ സത്യവാങ്മൂലവും സമ്മതപത്രവും സമര്‍പ്പിച്ചത്. ഈ സമയത്ത് വിദേശത്തായിരുന്നുവെന്നതിന്റെ തെളിവായി പാസ്‌പോര്‍ടും മുഹമ്മദ് കുഞ്ഞി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.





