18
Jul 2023
Fri
18 Jul 2023 Fri

19 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഒരു വനിതയെ സിംഗപ്പൂര്‍ തൂക്കിക്കൊന്നു. 31 ഗ്രാം ഹെറോയ്‌നുമായി പിടിയിലായ സരിദേവി ജാമിനി(45)യെയാണ് തൂക്കിക്കൊന്നത്. 2018ലാണ് ഇവര്‍ പിടിയിലായതെന്ന് സെന്‍ട്രല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ പറഞ്ഞു. 2004ലാണ് മയക്കുമരുന്ന് കടത്തിയതിന് ഇതിനു മുമ്പ് സിംഗപ്പൂര്‍ ഒരു വനിതയെ അവസാനമായി തൂക്കിക്കൊന്നത്. 36കാരിയായ യെന്‍ മേ വൂന്‍ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരാഴ്ചയ്ക്കിടെ മയക്കുമരുന്ന് കടത്തിന് തൂക്കിലേറ്റിയ രണ്ടാമത്തെ വ്യക്തിയാണ് സരിദേവി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കേസില്‍ പിടിയിലായ മറ്റൊരാളുടെ വധശിക്ഷ അടുത്തയാഴ്ച നടത്തിയേക്കുമെന്നാണ് റിപോര്‍ട്ട്. വധശിക്ഷ നടപ്പാക്കുന്നതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

മുഹമ്മദ് അസീസ് ഹുസയ്ന്‍ എന്ന 56കാരനെ രണ്ടുദിവസം മുമ്പാണ് തൂക്കിലേറ്റിയത്. 50 ഗ്രാം ഹെറോയ്‌നുമായി പിടിയിലായതായിരുന്നു മുഹമ്മദ് അസീസ് ഹുസയ്ന്‍. 2022നു ശേഷം 15പേരെയാണ് മയക്കുമരുന്ന് കേസില്‍ സിംഗപ്പൂര്‍ തൂക്കിലേറ്റിയതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അരക്കിലോയിലേറെ കഞ്ചാവോ 15 ഗ്രാം ഹെറോയ്‌നോ കൈവശം വച്ചാല്‍ സിംഗപ്പൂരില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്.