|
ന്യഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമന്നും എംഎല്‍എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനം ലഭിച്ചെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഡല്‍ഹിയില്‍ ചില എഎപി എംഎല്‍എമാരെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ 11ന് അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനായി ചില എഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നാണ് എഎപി പറയുന്നത്.
ഇവർ പരിധിക്ക് പുറത്താണെന്നാണ് പറയുന്നതെന്നും എഎപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്ന എംഎൽഎമാരുടെ പേരുകൾ കുറിച്ചുവയ്ക്കുമെന്നും പാർട്ടി നേതാക്കൾ അറിയിച്ചു. മദ്യ അഴിമതിക്കേസിൽ എഎപി സർക്കാരിനെതിരെ ഡൽഹി ബിജെപി ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് പാർട്ടിയുടെ ഭാവി തന്ത്രം തീരുമാനിക്കാൻ യോഗം വിളിച്ചത്.
മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്. അതേസമയം, മദ്യനയത്തിലെ അഴിമതിയെക്കുറിച്ച് ജനങ്ങളുടെ ചോദ്യത്തില്‍നിന്ന് വഴിമാറിപ്പോകാനാണ് എഎപിയുടെ ആരോപണമെന്നായിരുന്നു ബിജെപി വാദം.
മദ്യനയത്തില്‍ ബിജെപി നിലപാട് ശക്തമാക്കിയതോടെയാണ് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ കെജ്‌രിവാള്‍ യോഗം വിളിച്ചുചേര്‍ത്തത്. ഇതിനിടെ സിസോദിയയുടെ മണ്ഡലമായ പദ്പര്‍ഗഞ്ജിലടക്കം ഡല്‍ഹിയിലെ പലയിടങ്ങളിലും ബിജെപി സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മദ്യനയത്തിനെതിരെ ഡല്‍ഹിയിലെ 19 ഇടങ്ങളിലാണ് ഇന്ന് ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു.



