30
Mar 2025
Sat
30 Mar 2025 Sat
son committed suicide before trying to kill mother in Ayur

പ്രമേഹം മൂര്‍ച്ഛിച്ച് കാല്‍ മുറിച്ചുമാറ്റപ്പെട്ട അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോലും നിവൃത്തിയില്ലാതായതോടെ അമ്മയെ കൊല്ലാന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനില്‍ രഞ്ജിത്താണ് മരിച്ചത്. അമ്മ സുജാതയ്ക്ക് അമിത അളവില്‍ ഗുളിക നല്‍കിയതിനു ശേഷം രഞ്ജിത് ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു. ഇതിനിടെ സുജാത അബോധാവസ്ഥയിലാവുകയും അമ്മ മരിച്ചുവെന്ന് രഞ്ജിത്ത് കരുതുകയും ചെയ്തു. തുടര്‍ന്നാണ് രഞ്ജിത്ത് കിടപ്പുമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഇവരുടെ വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരാണ് തൂങ്ങിമരിച്ച നിലയില്‍ രഞ്ജിത്തിനെ കാണുന്നത്. വെള്ളം ചോദിച്ച് കരയുന്ന സുജാതയെയും കണ്ട സംഘം നാട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയുമായിരുന്നു. സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തന്നെ കൊല്ലാന്‍ മകനോട് താന്‍ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത ബന്ധുക്കളോട് പറഞ്ഞു. അമ്മയും മകനും കുറച്ചുകാലമായി വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. സുജാതയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും ഈ കുടുംബത്തിന് സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നില്ല. ഇതോടെ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ച് മരിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രമേഹത്തിനുള്ള ഗുളിക ഇരുവരും അമിതമായി കഴിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരുന്നു രഞ്ജിത്ത് അമ്മയെ കൊല്ലാന്‍ ശ്രമിച്ചതും തുടര്‍ന്ന് തൂങ്ങിമരിച്ചതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക