ആലപ്പുഴയിൽ പിതാവിനെ തല്ലിക്കൊന്നശേഷം ഒളിവിൽ പോയ മകനെ പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. ആലപ്പുഴ കാളാത്ത് തടിക്കൽ കയർ ഫാക്ടറി തൊഴിലാളി സുരേഷ്കുമാർ (55) കൊല്ലപ്പെട്ട സംഭവത്തിലാണ് മകൻ നിഖിലിനെ(24) ആലപ്പുഴ നോർത്ത് പോലീസ് ബംഗളൂരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
|
മദ്യപിച്ചുണ്ടായ തർക്കത്തിനിടെ പിതാവിനെ ക്രൂരമായി മർദിച്ചശേഷം നിഖിൽ രക്ഷപ്പെടുകയായിരുന്നു. രാവിലെയാണ് സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അച്ഛനും മകനും തമ്മിൽ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിൻറെ മാതാവ് മിനിമോൾ പൊലീസിന് മൊഴിനൽകിയിരുന്നു. വീടിൻറെ ചവിട്ടുപടിയിൽ വീണതിനെത്തുടർന്നു കാലിൽ പ്ലാസ്റ്ററിട്ട് കിടപ്പിലായതിനാൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ മിനിമോൾക്ക് ഇടപെടാനായില്ല.
ബുധനാഴ്ച രാവിലെ ഏഴരയായിട്ടും ഭർത്താവ് എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് അനക്കമില്ലെന്നു കണ്ടത്. തുടർന്നു ബഹളം വച്ച് അയൽവാസികളെ വരുത്തുകയായിരുന്നു. ഈ മാസം 28 ന് നിഖിലിൻറെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ ആവശ്യത്തിനായി കരുതിയ പണം എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.





