20
Jul 2024
Wed
20 Jul 2024 Wed
Spain vs France

മ്യൂണിക്: ആവേശപ്പോര് ജയിച്ച് യൂറോ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് സ്‌പെയിന്‍. (Spain vs France Highlights, Euro 2024 Semifinal: Lamine Yamal Makes History ) ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ സെമി പോരാട്ടം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജയിച്ചാണ് സ്പാനിഷ് സംഘം കപ്പിനരികെയെത്തിയത്.

ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ ആറാം ജയമായിരുന്നു ഇത്. യൂറോ കപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറു കളികള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡും സ്വന്തമാക്കിയാണ് സ്പെയിനിന്റെ ഫൈനല്‍ പ്രവേശനം.

കളിയുണര്‍ന്നത് സ്പാനിഷ് മുന്നേറ്റത്തോടെ. നീക്കങ്ങളിലും പന്തടക്കത്തിലും ഒരു ചുവട് മുന്നില്‍നിന്ന ടീമിനായി ലാമിന്‍ യമാല്‍ ഇടതുവിങ്ങിലൂടെയെത്തി നീട്ടിനല്‍കിയ പാസ് ഗോള്‍ മണത്തെങ്കിലും സഹതാരം തലവെച്ചത് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. പിന്നെയും സ്പാനിഷ് നിരതന്നെയായിരുന്നു ചിത്രത്തില്‍. എന്നാല്‍, കളിയുടെ ഗതിക്ക് വിപരീതമായി ആദ്യം വല കുലുക്കിയത് ഫ്രാന്‍സ്.

ഒമ്പതാം മിനിറ്റില്‍ ഡെംബലെയുടെ പാസ് ബോക്‌സിന്റെ ഇടതുവിങ്ങില്‍ സ്വീകരിച്ച എംബാപ്പെ ഒന്നോ രണ്ടോ ടച്ചില്‍ മറുവശത്തേക്ക് തളികയിലെന്ന പോലെ ഉയര്‍ത്തി നല്‍കിയപ്പോള്‍ കോലോ മുവാനി തലവെച്ചത് അനായാസം വലക്കുള്ളില്‍. 18ാം മിനിറ്റില്‍ എംബാപ്പെയുടെ സുവര്‍ണ സ്പര്‍ശമുള്ള നീക്കം പിന്നെയും കണ്ടു. പ്രതിരോധനിരയെ മനോഹരമായി കടന്ന് പെനാല്‍റ്റി സ്‌പോട്ടിനു മുന്നില്‍ ബുള്ളറ്റ് ഷോട്ട് പായിച്ചെങ്കിലും സ്പാനിഷ് താരത്തിന്റെ കാലില്‍ തട്ടി മടങ്ങി.

21-ാം മിനിറ്റില്‍ കിടിലന്‍ ഷോട്ടിലൂടെ 16-കാരന്‍ ലമിന്‍ യമാല്‍ സ്പെയിനിനെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് ഡിഫന്‍ഡര്‍മാരെ ഡ്രിബിള്‍ ചെയ്ത് യമാല്‍ തൊടുത്ത ഇടംകാലനടി ഫ്രഞ്ച് പോസ്റ്റിലിടിച്ച ശേഷം വലയില്‍ കയറുകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്പെയിനിന്റെ യുവതാരം സ്വന്തമാക്കി.

ഗോളടിച്ചിട്ടും തുടര്‍ന്ന സ്പാനിഷ് ആക്രമണങ്ങള്‍ 25-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഒരു മുന്നേറ്റത്തിനൊടുവില്‍ വലതുഭാഗത്തുനിന്ന് ജെസ്യുസ് നവാസ് നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില്‍ നിന്ന് പന്ത് ബോക്സില്‍ ഡാനി ഓല്‍മോയുടെ പക്കല്‍. വെട്ടിത്തിരിഞ്ഞ് ഓല്‍മോ അടിച്ച പന്ത് തടയാന്‍ യൂള്‍സ് കുണ്‍ഡെ കാലുവെച്ചിട്ടും ഫലമുണ്ടായില്ല. പന്ത് വലയില്‍. ഇത്തവണത്തെ യൂറോയില്‍ താരത്തിന്റെ മൂന്നാം ഗോള്‍.

37ാം മിനിറ്റില്‍ ഒരിക്കലൂടെ യമാല്‍ തന്റെ മാജിക് സ്‌പോട്ടില്‍ പന്തുമായി എത്തിയത് അപായമണി മുഴക്കി. താരം നേരിട്ട് അടിച്ചുകയറ്റുന്നതിന് പകരം ഫാബിയന്‍ റൂയിസിന് കൈമാറിയ പന്ത് അടിച്ചത് പുറത്തേക്ക് പോയി.

ഇടവേള കഴിഞ്ഞെത്തിയ ഫ്രാന്‍സ് മൈതാനത്ത് കൂടുതല്‍ ആക്രമണോത്സുകത കാണിച്ചു. നിരന്തരം വിങ്ങുകള്‍ മാറ്റിയും നീക്കങ്ങള്‍ക്ക് അതിവേഗം നല്‍കിയും ഡെംബലെ-എംബാപ്പെ കൂട്ടുകെട്ട് ഭീതിവിതച്ചപ്പോള്‍ സുരക്ഷിതമായി കളി നയിച്ചും അത്യപൂര്‍വമായി ഓടിക്കയറിയുമായിരുന്നു സ്പാനിഷ് ശൈലി. 76ാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് ഗോളി മാത്രം മുന്നില്‍നില്‍ക്കെ അടിച്ചത് ഗാലറിയിലേക്ക് പറന്നു. 81ാം മിനിറ്റില്‍ യമാല്‍ അടിച്ചതും സമാനമായി ഗാലറിയില്‍ വിശ്രമിച്ചു.

തുടര്‍ന്ന് മികച്ച പ്രതിരോധമുയര്‍ത്തിയ സ്പെയിന്‍ ഫ്രഞ്ച് പടയെ പിടിച്ചുകെട്ടി ഫൈനലിലേക്ക് മുന്നേറി.