22
Nov 2025
Wed
22 Nov 2025 Wed
gokulam school

തൃശൂര്‍: ശബരിമലയില്‍ പോകാന്‍ വ്രതമെടുത്ത വിദ്യാര്‍ഥി കറുത്ത വസ്ത്രം അണിഞ്ഞതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. തൃശൂര്‍ എളവള്ളി ബ്രഹ്‌മകുളം ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെന്നാണ് ആരോപണം. നവംബര്‍ മൂന്ന് മുതല്‍ കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായും രക്ഷിതാക്കള്‍ പറയുന്നു.

കറുപ്പ് വസ്ത്രം സ്‌കൂള്‍ മാനുവലിന് വിരുദ്ധമായതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വിലക്കുള്ളതിനാല്‍ കുട്ടിക്ക് സ്‌കൂളില്‍ പോകാനാവില്ലെന്നും ഉടന്‍ അനുകൂല തീരുമാനമുണ്ടാവണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

ALSO READ: ചെങ്കോട്ട സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചത്; വൈറ്റ് കോളര്‍ സംഘത്തിന് പിന്നില്‍ ആര്

സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി. രക്ഷാകര്‍ത്താക്കള്‍ സ്‌കൂളിലെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറയുന്നു. നവംബര്‍ മൂന്നുമുതല്‍ പത്തു ദിവസമായി പഠനം മുടങ്ങിയെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

മണ്ഡലകാലത്ത് വ്രതമെടുത്ത് കറുപ്പ് വസ്ത്രം ധരിച്ച് വരുന്നത് തടയുന്നതില്‍നിന്ന് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി പറഞ്ഞു. അതേസമയം, സ്‌കൂളിന്റെ നിയമവ്യവസ്ഥ അനുസരിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

നേരത്തെ പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനിക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് വിഷയം ഹൈക്കോടതിയില്‍ എത്തുകയും ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാര്‍ദം നിലനില്‍ക്കട്ടെയെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് കുട്ടിയെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റുകയായിരുന്നു.