
തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. (Student dies after falling into Peechi Dam reservoir)പട്ടിക്കാട് ചുങ്കത്ത് ഷാജന്‍-സിജി ദമ്പതികളുടെ മകള്‍ അലീന(16)യാണു മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
![]() |
|
കൂട്ടുകാരിയുടെ വീട്ടില്‍ തിരുനാളാഘോഷിക്കാനെത്തിയ 3 പേരുള്‍പ്പെടെ 4 പേരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ 12.30ന് അലീന മരിച്ചു.
മൂന്നുപേര്‍ ചികില്‍സയില്‍ തുടരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടികള്‍ വെള്ളത്തില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പട്ടിക്കാട് പുളയിന്‍മാക്കല്‍ ജോണി-സാലി ദമ്പതികളുടെ മകള്‍ നിമ (12), പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകള്‍ ആന്‍ ഗ്രേസ് (16), മുരിങ്ങത്തു പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പെട്ട മറ്റു കുട്ടികള്‍. ഇന്നലെ നിമയുടെ വീട്ടില്‍ തിരുനാള്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു മൂന്നുപേരും.
കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍ നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്.
പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേര്‍ കാല്‍വഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. വെള്ളത്തില്‍ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാല് പേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുട്ടികളെല്ലാം തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.