കൊച്ചി: നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. കോമഡികളിലൂടെയും ടെലിവിഷൻ ഷോകളിലൂടേയും സിനിമയിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ സുബിയുടെ വിയോഗം പറഞ്ഞറിയിക്കാനാവാത്ത നഷ്ടമാണ് മലയാളക്കരയ്ക്ക്.
വിവിധ ഷോകളിൽ അവതാരകയായി തിളങ്ങിയ സുബിയുടെ വിയോഗം അറിയിച്ച് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകൾ ഒരേ സമയം ആരാധകരുടെ കണ്ണ് നനയിക്കുന്നതും ഞെട്ടലുണ്ടാക്കുന്നതുമാണ്. ‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി’ എന്നാണ് ഫേസ്ബുക്കിലെ വാചകങ്ങൾ.
|
സുബിയുടെ ചിത്രമുൾപ്പെടുത്തിയിട്ടുള്ള അവസാന കുറിപ്പ് അഡ്മിനാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് മരണത്തിൽ ദുഃഖവും ആദരാഞ്ജലികളും അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു 41കാരിയായ താരത്തിന്റെ വിയോഗം.
ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. പൂർണമായും പ്രവർത്തന രഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു മരണം. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്.
നിരവധി സ്റ്റേജ് ഹാസ്യ പരിപാടികളിൽ താരം നിറഞ്ഞുനിന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെ ശ്രദ്ധേയയായ സുബി, രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസനത്തിലൂടെയാണ് സിനിമയിലെത്തുന്നത്. തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത, ഡ്രാമ എന്നിവയുൾപ്പെടെ 20ലേറെ സിനിമകളിൽ വേഷമിട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





