കച്ച്: വീട്ടുകാരെ കബളിപ്പിക്കുന്നതിന് വൃദ്ധന കൊന്ന് കത്തിച്ച് വ്യാജ ആത്മഹത്യ നാടകം കളിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ഗുജറാത്തിലെ കച്ചിലാണ് സംഭവം. വിവാഹിതയായ യുവതിയും കാമുകനും ചേര്‍ന്ന് ഒളിച്ചോടാനുള്ള ശ്രമത്തിലാണ് വയോധികനെ കൊലപ്പെടുത്തിയത്.
|
27കാരിയായ റാമി കേസരിയും കാമുകന്‍ അനില്‍ ഗാംഗുലിയും കൊലപാതകം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് അറസ്റ്റിലായത്. ഇരുവര്‍ക്കും കൊല്ലപ്പെട്ട ആളെ മുന്‍പരിചയമില്ലെന്നും ഒരുമിച്ച് ഒളിച്ചോടാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
റാമി ആത്മഹത്യ ചെയ്തു എന്ന് കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു കൊലപാതകം. അതിനായി വയോധികനെ കള്ളങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും റാമിയുടെ വസ്ത്രങ്ങളും ഫോണും പാദരക്ഷകളും കത്തുന്ന മരക്കമ്പുകള്‍ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
ALSO READ: മയക്കുമരുന്ന് വിപണിയുടെ കേന്ദ്രമായി മാറി ഗുജറാത്ത്; 5000 കോടി രൂപയുടെ കൊക്കെയ്ൻ പോലിസ് പൊക്കി
ജൂലൈ മൂന്നിന് കമിതാക്കള്‍ കൊല നടത്തിയത്. തുടര്‍ന്ന് ഗ്രാമം വിടുകയും ചെയ്തു. അടുത്ത ദിവസം അനില്‍ റാമിയുടെ വീട്ടിലെ സ്ഥിതിഗതികള്‍ അറിയാന്‍ തിരിച്ചെത്തി. സംഭവസ്ഥലത്ത് നിന്ന് റാമിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തിയതിനാല്‍, കത്തിയ മൃതദേഹം റാമി കേസരിയുടെതാണെന്ന് വീട്ടുകാര്‍ വിശ്വസിച്ചു.
എന്നാല്‍, ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് സപ്തംബര്‍ 27 ന് റാമി തിരികെ പിതാവിന്റെ അടുത്തേക്ക് മടങ്ങുകയും, തങ്ങളുടെ കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുകയുമായിരുന്നു. എന്നാല്‍ ക്ഷമാപണം നിരസിച്ച പിതാവ് ഈ വിവരങ്ങള്‍ പൊലിസിനെ അറിയിച്ചു.
പിതാവിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും റാമിയെയും അനിലിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.





