അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റിയുടെ ഭാഗമായി അസി: സർജൻമാരായ ഡോ:മുഹമ്മദ് യാസിർ ഡോ: യഹിയ അബ്ദുൽ ബാസിത്ത് , ഡോ:ഹനീഫ് ഹുസൈൻ എന്നിവർ ഇന്നു മുതൽ ചുമതലയേറ്റ് ഒ പി യിൽ എത്തിയെങ്കിലും ഇവർക്കാവശ്യമായ സൗകര്യമൊരുക്കാൻ തയ്യാറാകാതെ സൂപ്രണ്ടും എച്ച് എം സി യും. നിലവിൽ പരിമിതമായ റൂം സൗകര്യമുള്ള ഒപി പരിശോധനമുറിയിൽ രണ്ട് ടേബിളിന് ചുറ്റും നാല് ഡോക്ടർമാർ ഇരുന്നാൽ രോഗികളെ ശരിയായി പരിശോധിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്ന് മൂന്ന് ജനറൽ ഡോകടർമാരും ഒരു ചെസ്റ്റ് സ്പെഷലിസ്റ്റ് ഡോക്ടറും ഒ പി പരിശോധനയ്ക്കുള്ളതിന് പുറമെയാണ് മഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് മൂന്ന് അസി: സർജൻമാർ കൂടി പരിശോധനയ്ക്ക് എത്തിയത്. ഇതോടെ ഒപിയിൽ പരിശോധിക്കാനുള്ള സൗകര്യമില്ലാത്ത അവസ്ഥയിലാണ്. ഇടുങ്ങിയ സ്ഥലത്ത് രോഗവിവരം കൃത്യമായി പറയാൻ കഴിയാതെ രോഗികളും ഏറെ ബുദ്ധിമുട്ടിലായി.
|
ജനുവരി ഒന്നിന് ആരോഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ ഡോകടർമാർ ചുമതല ഏൽക്കുമെന്ന് അറിയിച്ചിട്ടും എച്ച് എം സി യും ആശുപത്രി സൂപ്രണ്ടും പുതിയതായി ചുമതലയേറ്റ ഡോക്ടർമാർക്ക് പരിശോധനാസൗകര്യമൊരുക്കാത്തതിൽ ഏറെ പ്രതിഷേധമുയർന്നുതുടങ്ങി. പുതിയതായി ചുമതലയേറ്റ ഡോക്ടർമാരെ മാനസികമായി സമ്മർദ്ധത്തിലാക്കി അരീക്കോട് താലൂക്ക് ആശുപത്രിയിൽ സ്ഥലസൗകര്യമില്ല എന്ന് പരാതി നൽകിപ്പിക്കാനുള്ള നീക്കമാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ളതെന്ന് ആരോപണമുണ്ട്.
സ്ഥലസൗകര്യമില്ലാത്ത അരീക്കോട് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പരാതി ഉയർന്നാൽ അവരെ സ്ഥലം മാറ്റാൻ കഴിയുമെന്നും നിലവിൽ ആശുപത്രിയിൽ സൗകര്യമില്ലെന്നുമുള്ള പരാതി ഉയർത്താനുള്ള നീക്കമാണെന്നുമാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും ഡോക്ടർമാർക്ക് സൗകര്യമൊരുക്കാത്ത എച്ച് എം സി ക്കും സൂപ്രണ്ടിനുമെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് പരാതി സമർപ്പിക്കുമെന്നും സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികൾ പറഞ്ഞു.


