31
Nov 2025
Wed
31 Nov 2025 Wed
Supreme court condemns police actions against CJP protest

യുഎപിഎ കേസില്‍ മുസ്ലിം യുവാവിന് ജാമ്യം നിഷേധിച്ച് സുപ്രിം കോടതിയുടെ വിവാദ പരാമര്‍ശം. മന്‍സൂര്‍ ഭായി എന്നറിയപ്പെടുന്ന സെയ്ദ് മാമൂര്‍ അലിക്ക് ജാമ്യം നിഷേധിച്ച് കൊണ്ട് സുപ്രിം കോടതി പറഞ്ഞത് ‘ഇതൊരു സന്ദേശം നല്‍കാന്‍ പറ്റിയ നല്ല രാവിലെയാണ്’ എന്നാണ്. കേസുമായി ഒരു ബന്ധവുമില്ലാത്ത ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന്റെ തൊട്ടുപിറ്റേന്ന് നടന്ന വാദം കേള്‍ക്കലിലാണ് ഈ പ്രസ്താവന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാദം കേള്‍ക്കലിനിടെ, ‘ഇന്നലെ നടന്ന സംഭവങ്ങള്‍ക്ക് ശേഷം കേസില്‍ വാദിക്കാന്‍ പറ്റിയ ഒരു നല്ല ദിവസമല്ല ഇന്ന്’ എന്ന് പ്രതിയുടെ അഭിഭാഷന്‍ സിദ്ധാര്‍ത്ഥ ദവേ പറഞ്ഞിരുന്നു. എന്നാല്‍, ‘ഒരു സന്ദേശം നല്‍കാന്‍ പറ്റിയ നല്ല ദിവസമാണ് ഇത്’ എന്നായിരുന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ പ്രതികരണം.

പ്രതിയുടെ കൈയില്‍ നിന്ന് പ്രകോപനപരമായ രേഖകള്‍ കിട്ടിയെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍, അത് ചില ഇസ്ലാമിക പുസ്തകങ്ങള്‍ മാത്രമായിരുന്നു എന്ന് ദവേ വിശദീകരിച്ചു.

ALSO READ: ബിഹാറില്‍ എന്‍ഡിഎയ്ക്ക് തുടര്‍ഭരണമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എന്നാല്‍, ഐഎസ്‌ഐഎസിന് സമാനമായ പതാക പ്രൊഫൈല്‍ ചിത്രമാക്കി മാമൂര്‍ അലി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നുവെന്ന് ജസ്റ്റിസ് മേത്ത നിരീക്ഷിച്ചു.

മമൂര്‍ അലി രണ്ടു വര്‍ഷമായി ജയിലിലാണെന്നും അദ്ദേഹത്തില്‍ നിന്ന് സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെങ്കിലും 70 ശതമാനവും വികലാംഗനാണ് അദ്ദേഹമെന്നും ദവേ വ്യക്തമാക്കി.

എന്നാല്‍, ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ഗൗരവകരമായതിനാല്‍ കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചു. അതേസമയം, രണ്ട് വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും അതിനകം പൂര്‍ണമായില്ലെങ്കില്‍ പ്രതിക്ക് വീണ്ടും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കടുത്ത വിമര്‍ശനവുമായി സാകേത് ഗോഖലെ എംപി

സുപ്രിം കോടതിയുടെ തെറ്റായ പരാമര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ എക്‌സില്‍ ശക്തമായി വിമര്‍ശിച്ചു. ‘ഇപ്പോള്‍ നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യം തീരുമാനിക്കപ്പെടുന്നത് ഒരു ബന്ധവുമില്ലാത്ത പ്രഭാത വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ്. വാരാന്ത്യ ക്ലാസുകളില്‍ പരാമര്‍ശിക്കാനുള്ള ഒരു പുസ്തകം മാത്രമായിരിക്കുന്നു ഭരണ ഘടന’- സാകേത് ഗോഖലെ എക്‌സില്‍ പോസ്റ്റ് ചെയ്തു.

‘ദുഖകരമായ ഒരു സ്‌ഫോടനം നടന്നതിന് പിന്നാലെ ഒരു മുസ്ലിമിന്റെ സ്വാതന്ത്ര്യം നിഷേധിച്ച് കൊണ്ട് സുപ്രിം കോടതി ഒരു സന്ദേശം നല്‍കുകയാണത്രെ!. ആര്‍ക്കുള്ള സന്ദേശം? നേരത്തേ, നിയമ വാഴ്ച്ചയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് സംസാരിച്ചിരുന്നു. എന്നാല്‍, ഇത് നിയമവാഴ്ച്ചയായി എനിക്ക് തോന്നുന്നില്ല. പക്ഷപാതപരമായ ജുഡീഷ്യല്‍ മനസ്ഥിതിയായാണ് തോന്നുന്നത്’- അഭിഭാഷകരനായ അശീഷ് ഗോയല്‍ പ്രതികരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക