ന്യൂഡല്‍ഹി: നിര്‍മാണത്തകരാറുള്ള കാര്‍ വാങ്ങി ബുദ്ധിമുട്ടിലായ ഉപയോക്താവിന് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡിനോട് സുപ്രിംകോടതി. ഫോര്‍ഡ് ടൈറ്റാനിയം എന്‍ഡേവര്‍ 3.4എല്‍ വാഹനം വാങ്ങിയ ഉടമയാണ് പരിഹരിക്കാനാവാത്ത കേടുപാടുകള്‍ മൂലം പ്രയാസത്തിലായത്.
|
എന്‍ജിന്‍ ലീക്ക് അടക്കമുള്ള തകരാറുകളെ തുടര്‍ന്ന് ഉടമ പഞ്ചാബ് സംസ്ഥാന ഉപഭോക്തൃഫോറത്തെയാണ് ആദ്യം സമീപിച്ചത്. കമ്പനിച്ചെലവില്‍ എന്‍ജിന്‍ മാറ്റി നല്‍കാനും കാര്‍ വാങ്ങിയ ദിവസം മുതല്‍ പ്രതിദിനം 2000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു. ദേശീയ കമ്മീഷനും ഉത്തരവ് ശരിവച്ചതോടെ ഫോര്‍ഡ് ഇതിനെതിരേ സുപ്രിംകോടതിയിലെത്തുകയായിരുന്നു.
കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഫോര്‍ഡ് വാഹനത്തിന്റെ എന്‍ജിന്‍ മാറ്റിനല്‍കിയെങ്കിലും വാഹനം ഉപയോഗക്ഷമമായിരുന്നില്ല. ഇതടക്കമുള്ള വിഷയങ്ങള്‍ ഉടമ സുപ്രിംകോടതിയെ ഉണര്‍ത്തി. തുടര്‍ന്നാണ് ജസ്റ്റിസുമായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് ഉടമയ്ക്ക് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
സംസ്ഥാന കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്ന് കമ്പനി ഇതിനകം ആറു ലക്ഷം രൂപ ഉടമയ്ക്ക് നല്‍കിയിരുന്നു. ഇതു കഴിച്ചുള്ള മുപ്പത്തിയാറുലക്ഷം രൂപയും ഇന്‍ഷുറന്‍സ് തുകയായ 87000 രൂപയും ഉള്‍പ്പെടെ 36,87000 രൂപയുടെ ചെക്ക് വാഹനയുടമയ്ക്ക് നല്‍കാന്‍ സുപ്രിംകോടതി ഫോര്‍ഡിന് നിര്‍ദേശം നല്‍കി.


