ന്യൂഡല്‍ഹി: പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഹൈക്കോടതി നിലപാടിനെതിരേ സുപ്രിംകോടതി. (Supreme Court flags trend of High Courts expediting trial as consolation for denying bail) അടുത്ത കാലത്തായി ഹൈക്കോടതികള്‍ ജാമ്യം നല്‍കുന്നതിന് പകരം വിചാരണ വേഗത്തിലാക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്നത് ആശങ്കാജകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
|
ഈ സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രതികള്‍ ദീര്‍ഘകാലം വിചാരണ തടവുകാരായി കിടക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്ന് കോടതി വിമര്‍ശിച്ചു.
”ഹൈക്കോടതികള്‍ പുതിയൊരു ശീലം തുടങ്ങിയിട്ടുണ്ട്. അവര്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കും, പകരം വിചാരണ വേഗത്തിലാക്കണമെന്ന് നിര്‍ദേശിച്ച് പ്രതിഭാഗം അഭിഭാഷകനെ ആശ്വസിപ്പിക്കും. പ്രതിയാവട്ടെ മൂന്ന് വര്‍ഷവും ഏഴ് മാസവുമായി ജയിലിലാണ്. ഇത് ഞെട്ടിക്കുന്നതാണ്”- കോടതി തുറന്നടിച്ചു.
ജമ്മു കശ്മീര്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ച ടെക്‌നിക്കല്‍ സര്‍വെയിലന്‍സ് യൂനിറ്റ് എഎസ്‌ഐ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രിം കോടതി. മയക്കു മരുന്ന് ഭീകരതയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് എഎസ്‌ഐയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മെയില്‍ ജാമ്യം നിഷേധിക്കവേ സാക്ഷി വിസ്താരം വേഗത്തിലാക്കണമെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് വര്‍ഷവും 7 മാസവും ജയിലില്‍ കിടന്നിട്ടും ഹൈക്കോടതി ജാമ്യം നിഷേധിക്കുന്നത് ആശങ്കാജനകമാണെന്നാണ് സുപ്രിം കോടതി അഭിപ്രായപ്പെട്ടത്.


