നിരോധിത സംഘടനയായ പോപുലര്‍ഫ്രണ്ടിന്റെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരേ നോട്ടിസയച്ച് സുപ്രിംകോടതി. മെയ് 28നായിരുന്നു ഡല്‍ഹി ഹൈക്കോടതി ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇതേത്തുടര്‍ന്ന് ഇ അബൂബക്കര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. എന്‍ഐഎയുടെ പ്രതികരണം തേടിയാണ് സുപ്രിംകോടതി നോട്ടിസ് അയച്ചത്.
|
അതേസമയം ഇ അബൂബക്കറിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും എന്നാല്‍ ആരോഗ്യാവസ്ഥ കണക്കിലെടുത്തുമാത്രം ഹരജി പരിഗണിക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അംഗമായ ബെഞ്ച് നിരീക്ഷിച്ചു.
മെഡിക്കല്‍ സാഹചര്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നേരത്തേ ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചത്. എന്നാല്‍ കോടതി അപേക്ഷ തള്ളുകയായിരുന്നു. 2022ല്‍ പോപുലര്‍ ഫ്രണ്ട് നിരോധന മുന്നോടിയായാണ് എന്‍ഐഎ അദ്ദേഹത്തെ കേരളത്തിലെത്തി അറസ്റ്റ് ചെയ്തത്.
അര്‍ബുദ രോഗവും പാര്‍ക്കിന്‍സന്‍ രോഗവും അടക്കം നിരവധി രോഗങ്ങള്‍ നേരിടുന്ന അദ്ദേഹം വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ് ഉണ്ടായത്. ജയിലില്‍ ചികില്‍സ ലഭ്യമാക്കാത്തതിനെതിരേ അദ്ദേഹം നേരത്തേ കോടതിയെ സമീപിക്കുകയും ഇതേത്തുടര്‍ന്ന് ചികില്‍സ നല്‍കാന്‍ ഉത്തരവുണ്ടാവുകയും ചെയ്തിരുന്നു.
ALSO READ: പിഎഫ്‌ഐ നേതാവ് ഇ അബൂബക്കറിന് മികച്ച ചികില്‍സ നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം





