28
May 2025
Tue
28 May 2025 Tue
supreme court

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെളിവില്ലാതെ പ്രതികള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പതിവാക്കിയിരിക്കുകയാണെന്ന് സുപ്രിം കോടതി. (Supreme Court says ED has made it a habit to make allegations without evidence) പല കേസുകളിലും ഇത് കാണാന്‍ സാധിച്ചതായും കോടതി ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇഡിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ ഏജന്‍സിക്ക് സാധിക്കാത്തതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

”ഇഡി ഫയല്‍ ചെയ്ത പല കേസുകളിലായി ഇത് കാണുന്നു. പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെ ആരോപണമുന്നയിക്കുന്നു”-കോടതി അഭിപ്രായപ്പെട്ടു.

ALSO READ: ഇഡിയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ല; കോഴിക്കോട് സ്വദേശിയായ പിഎഫ്‌ഐ പ്രവര്‍ത്തകന് ജാമ്യം

എന്നാല്‍, കോടതിയുടെ ഈ അഭിപ്രായം തിരുത്തുന്നതിന് തെളിവുകള്‍ ഹാജരാക്കുമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വി എസ് രാജു പ്രതികരിച്ചു.

ചത്തീസ്ഗഡ് മദ്യ തട്ടിപ്പ് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രിംകോടതി ഇഡിക്കെതിരേ ആഞ്ഞടിച്ചത്. പ്രതി അരവിന്ദ് സിങിനെതിരേ 40 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണമാണ് ഇഡി ഉന്നയിച്ചത്. എന്നാല്‍, ഇതിന് ആവശ്യമായ ഒരു തെളിവും ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞില്ല.

ഈയിടെ ഇഡി സ്ഥാപക ദിനത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വി എസ് രാജു തന്നെ ഈ വിഷയം ഉന്നയിച്ചിരുന്നു. പ്രതികളെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ തെളിവുകളെല്ലാം ശേഖരിച്ച് പഴുതുകളില്ലാത്ത രീതിയില്‍ കേസ് മാറ്റണമെന്നായിരുന്നു പ്രസംഗത്തില്‍ രാജുവിന്റെ ഉപദേശം.

അന്വേഷണ ഏജന്‍സിയായ ഇഡി സര്‍ക്കാരിന്റെ ഉപകരണമായി മാറുന്നുവെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് സുപ്രിം കോടതിയുടെ വിമര്‍ശനം.