|
ന്യൂഡൽഹി: ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹാഥ്‌റസ് സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതിയിൽ. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്.
ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാന്റെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. എന്ത് കൊണ്ടാണ് ജാമ്യാപേക്ഷ നൽകാൻ വൈകിയതെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഹൈക്കോടതി ഉത്തരവ് ലഭിക്കാൻ വൈകിയത് കാരണമാണ് വൈകിയതെന്ന് ഹാരിസ് ബീരാൻ അറിയിച്ചു. തുടർന്നാണ് വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ അവസാന പ്രവൃത്തിദിനമാണ് വെള്ളിയാഴ്ച്ച.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ധീഖ് കാപ്പൻ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂർത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ, ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നേരത്തെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉൾപ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനിൽകുമാർ പാണ്ഡെ തള്ളിയിരുന്നു.
ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലായത്. അതുമുതൽ 22 മാസമായി തടവിലാണ് അദ്ദേഹം. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.
എന്നാൽ, കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവർത്തനത്തിൽ ഏർപെട്ടതിനോ, രാജ്യത്തിനെതിരെ പ്രവർത്തിച്ചതായോ പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ കൂട്ടുപ്രതി സിദ്ദിഖ് കാപ്പനിൽ നിന്ന് വ്യത്യസ്തമാണ് മുഹമ്മദ് ആലമിന്റെ സ്ഥിതിയെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
Supreme Court To Hear On Friday Siddique Kappan’s Plea Against Allahabad HC Order Refusing Him Bail In Hathras Case



