ഞങ്ങളുടെ കേസ് CBI അന്വേഷിക്കേണ്ട, അസമിലേക്കും വിടേണ്ട; മണിപ്പൂരിലെ അതിജീവിതകള്‍
|
ന്യൂഡല്‍ഹി: കുക്കി സ്ത്രീകളെ മെയ്തി പുരുഷ ആള്‍ക്കൂട്ടം ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നരായി നടത്തുകയും ചെയ്ത കേസ് കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കേണ്ടെന്ന് അഭ്യര്‍ഥിച്ച് മണിപ്പൂരിലെ അതിജീവിതകള്‍ സുപ്രീംകോടതിയില്‍. കേസിന്റെ വിചാരണ അസമിലേക്ക് മാറ്റരുതെന്നും കുക്കി സ്ത്രീകള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
നഗ്‌നരായി നടത്തിച്ചശേഷം രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറുന്നതിനെ അതിജീവിതകളും സംഘടനകളും ശക്തമായി എതിര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാണ് സി.ബി.ഐ. കലാപം തടയാന്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതകള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയെ അറിയിച്ചു.
രണ്ട് കുക്കി വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിന്റെ വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന കേന്ദ്ര ആവശ്യത്തെയും കുക്കി വിഭാഗം ശക്തമായി എതിര്‍ത്തു. അസമിലേക്ക് വിചാരണ മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നാല്‍ മണിപ്പുരിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട അതിജീവിതകള്‍ക്ക് മണിപ്പുരിലെ ഗോത്രമേഖലകളില്‍പ്പെട്ട കോടതികളിലാണ് വിചാരണ എളുപ്പമാകുകയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ മണിപ്പുര്‍ പോലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരേ നടന്ന വിവിധ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപംനല്‍കുമെന്ന സൂചനയും സുപ്രീംകോടതി നല്‍കി. നാളെ കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ടശേഷം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവുണ്ടായേക്കും. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കിയേക്കുമെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ നിരീക്ഷിച്ചു.
കുക്കി വനിതകളെ നഗ്‌നരായി നടത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച സംഭവം നടന്നത് മേയ് നാലിനാണ്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മേയ് പതിനെട്ടിന് മാത്രമാണ്. സംഭവം നടന്ന ശേഷം 14 ദിവസം പോലീസ് എവിടെയായിരുന്നെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് മജിസ്‌ട്രേറ്റ് കോടതിക്ക് അത് റഫര്‍ ചെയ്തതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഇത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിര്‍ഭയ കേസുപോലെ ഒറ്റപ്പെട്ട സംഭവമല്ല മണിപ്പുരില്‍ നടന്നതെന്നും സംഘടിതമായ അക്രമം വ്യാപകമായി നടന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.





