ആലപ്പുഴ: ചടങ്ങ് കഴിഞ്ഞപ്പോൾ ഔദ്യോഗിക വാഹനം എത്താൻ വൈകിയതിനെ തുടർന്ന് ഓട്ടോയിൽ യാത്ര തുടർന്ന് ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ നടൻ സുരേഷ് ഗോപി. ആലപ്പുഴ ഹരിപ്പാട് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിൽ പുരസ്കാര സമർപ്പണച്ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.
|
ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് സുരേഷ് ഗോപി വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്കെത്തി. എന്നാൽ കാർ എത്താൻ വൈകി. ക്ഷേത്രത്തിന്‍റെ കിഴക്കേ നടയിൽ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം സുരേഷ് ഗോപി റോഡിൽ നിന്നു. എന്നാല് ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയിൽ അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ സുരേഷ് ഗോപി ഓട്ടോ പിടിക്കുകയായിരുന്നു.
അടുത്തുണ്ടായിരുന്ന ഓട്ടോയിൽ കയറി കുമരകത്തുപോകാൻ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരൻ ആശങ്കയിലായി. ഓട്ടോറിക്ഷ രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും ഔദ്യോഗിക വാഹനവ്യൂഹം കുതിച്ചെത്തി സുരേഷ് ഗോപിയെ കയറ്റി.
പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോൾ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവർക്ക് പറഞ്ഞുകൊടുക്കാൻ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തിൽ കുമരകത്തേക്ക് പോവുകയായിരുന്നു സുരേഷ് ഗോപി. ഇന്ന് കോട്ടയത്ത് ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നലെ കുമരകത്താണ് സുരേഷ് ഗോപി തങ്ങിയത്.
സുരേഷ് ഗോപി ഓട്ടോയില്‍ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നു ബിജെപി ആരോപിച്ചു. പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു ഇന്നലെ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.
Suresh Gopi Ditches Official Car, Takes Auto Rickshaw


