കൊച്ചി: അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. കരള്‍ ദാനം സംബന്ധിച്ച നൂലാമാലകള്‍ സുബി സുരേഷിന്റെ അടിയന്തര ചികിത്സയ്ക്ക് തടസമായെന്ന് അദ്ദേഹം വ്യക്തമാക്കി.
|
സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി പിന്നാലെ ആയിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു.
അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ, കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.
ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍, ഏതെങ്കിലും ഡോണര്‍ സ്നേഹത്തോടെ കരള്‍ നല്കാന് വന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഒപ്പിടാന്‍ ഹൈബി ഈഡനോട് അഭ്യര്‍ഥിച്ചിരുന്നു.
പാര്‍ലമെന്റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
സിനിമയില്‍ കല്‍പ്പന എന്തായിരുന്നു ടിവിയില്‍ അതായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ ആയാല്‍ പോലും സുബിയുടെ എനര്‍ജി അപാരമാണ്. നമ്മുക്ക് സന്തോഷം നല്കുന്ന ഹാസ്യ പരിപാടികളിലെ ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി.
സുബിയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടക്കുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം– സുരേഷ് ഗോപി പറഞ്ഞു.



