|
തായ് വാന്‍ പ്രതിരോധ വകുപ്പിലെ ഗവേഷണവിഭാഗം മേധാവിയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൈന്യത്തിന്റെ അധീനതയിലുള്ള ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയെലെ മേധാവി ഔ യാങ് ലിസിങ്ങിനെയാണ് ഇന്നുപുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം അധികൃതര് തുടങ്ങി.
അമേരിക്കന്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തായ് വാന്‍ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച് മടങ്ങിയതിനു പിന്നാലെ പ്രകോപിതരായ ചൈന ദ്വീപുരാജ്യമായ തായ് വാനെ വളഞ്ഞ് സമുദ്രപാതയില്‍ സൈനികാഭ്യാസം നടത്തുകയും ദീര്‍ഘദൂര മിസൈല്‍ തായ് വാനു മുകളിലൂടെ പ്രയോഗിക്കുകയും ചെയ്തിരുന്നു.
ചൈനയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു നാന്‍സി പെലോസി തായ് വാനിലെത്തിയത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനവേളയില്‍ ചൈന നിരവധി പോര്‍വിമാനങ്ങള്‍ തായ് വാന്റെ വ്യോമമേഖലയിലേക്ക് അയയ്ക്കുകയും ഇത് യുദ്ധഭീതി ഉയര്‍ത്തുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ച ആശങ്ക തുടരുന്നതിനിടെയാണ് താ യ് വാന്റെ മിസൈല്‍ ഗവേഷണ വകുപ്പ് മേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗമായ പിങ്തുങ്ങിലേക്ക് ബിസിനസ് ആവശ്യാര്‍ഥം പോയതായിരുന്നു ഔ യാങ് എന്നാണ് വിവരം. ഈ വര്‍ഷമാദ്യമാണ് നിരവധി മിസൈല്‍ വികസിപ്പിക്കല്‍ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ ഔ യാങ്ങിനെ നിയോഗിച്ചത്.



