മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്കൊപ്പം പിടികൂടിയ മന്‍സൂറിന്റെ പിതാവ് അബൂബക്കര്‍. താമിറിന്റെ കൂട്ടുപ്രതിയായ മന്‍സൂറിനെ കോഴിക്കോട് ജില്ലാ ജയിലില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്നാണ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ഇരുപതോളം പൊലീസുകാര്‍ ചേര്‍ന്ന് ജയിലില്‍ മകനെ മര്‍ദ്ദിച്ചുവെന്നുംമൊഴിമാറ്റാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്.
|
താമിറിന് അനുകൂലമായി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. മന്‍സൂറിന്റെ ശരീരത്തിലും മുറിവുകളുണ്ടായിരുന്നു. താമിറിനെ മര്‍ദിക്കുന്നത് കണ്ടതായി മന്‍സൂര്‍ മൊഴി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് സത്യം പറഞ്ഞതിന്റെ പേരിലാണ് മര്‍ദിച്ചതെന്ന് കരുതുന്നു. മന്‍സൂറിന്റെ മൊഴിമാറ്റാന്‍ പോലീസ് സമ്മര്‍ദമുണ്ടായെന്നും പിതാവ് അബൂബക്കര്‍ ആരോപിക്കുന്നു.
മന്‍സൂറിനെ കാണാന്‍ ആദ്യം അനുവദിച്ചിരുന്നില്ലെന്നും ഇന്നലെ കണ്ടപ്പോഴാണ് മര്‍ദ്ദന വിവരം മകന്‍ തന്നോട് പറഞ്ഞതെന്നും അബൂബക്കര്‍ പറയുന്നു. മന്‍സൂറിന്റെ പോക്കറ്റില്‍ ലഹരിമരുന്ന് പൊലീസ് വച്ചതാണെന്നും മകനെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ താമിര്‍ ജിഫ്രിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയുടെ മുന്നിലേക്കു സമരം വ്യാപിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ എസ്പി അടക്കമുള്ളവര്‍ ശ്രമിമിക്കുന്നെന്ന വിലയിരുത്തലിലാണ് സമരം തിരുവനന്തപുരത്തിലേക്ക് മാറ്റാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചിരുന്നു. ജിഫ്രിയുടെ കൊലയാളികളായ ഉദ്യോഗസ്ഥരെയും കൊലപാതകത്തെ മറച്ചുവയ്ക്കാനും സഹായിക്കുകയും ചെയ്ത മലപ്പുറം എസ്.പി. അടക്കമുള്ളവരെയും സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഇതിനു മുന്നോടിയായി ഈ മാസം 29ന് മമ്പുറത്ത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്്.





